Kerala Government News

കെ.എ.എസ് കൊണ്ട് എന്ത് ഗുണമുണ്ടായി? മുഖ്യമന്ത്രിയുടെ മറുപടി

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് ( KAS) നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ചിട്ടുള്ള നേട്ടങ്ങൾ വിലയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സെക്രട്ടറിയേറ്റും മറ്റു വകുപ്പുകളുടെ ഡയറക്ടേറ്റുകളും തമ്മിലുള്ള ഏകോപനത്തിനും വേഗതയ്ക്കും കെഎഎസ് ഗുണകരമാകും എന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്.

കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടിയതല്ലാതെ യാതൊരു ഗുണവും ഉണ്ടായില്ല എന്നതാണ് നിലവിലെ അവസ്ഥ. 15 ലക്ഷം ഫയലുകളാണ് സെക്രട്ടറിയറ്റിലും ഡയറക്ടറേറ്റുകളിലുമായി കെട്ടി കിടക്കുന്നത്. ധനവകുപ്പിൽ ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത് ഇൻഡസ്ട്രീസ് ആൻ്റ് പൊതുമരാമത്ത് വിംഗിലാണ്. എം.എൽ.എമാരുടെ വികസന പ്രവർത്തനങ്ങളുടെ ഫയൽ ഈ വകുപ്പിൽ ഉറക്കത്തിലാണ് എന്നാണ് പൊതു സംസാരം.

എം.എൽ.എമാരുടെ പി.എമാർ നിരന്തരം ഈ വകുപ്പിൽ കയറി ഇറങ്ങുകയാണ്. അനാവശ്യ തടസങ്ങൾ ഉന്നയിച്ച് ഫയലുകൾ ഇവിടെ വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു.

CM Pinarayi vijayan at niyamasabha About KAS

104 കെ.എ.എസ് ഉദ്യോഗസ്ഥരാണ് നിലവിൽ ഉള്ളത്. ഇതിൽ സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിൽ 13 കെ.എ.എസ് ഉദ്യോഗസ്ഥർ ഉണ്ട്. ധനകാര്യ വകുപ്പിലെ 3 അണ്ടർ സെക്രട്ടറി തസ്തികകളിലും കെ.എ.എസുകാർ സേവനം അനുഷ്ടിക്കുന്നു.

കെ.എ.എസുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോയെന്ന് വിലയിരുത്താത്ത സർക്കാർ അടുത്ത കെ.എ.എസ് വിജ്ഞാപനവുമായി മുന്നോട്ട് പോകുകയാണ് എന്നതാണ് വിരോധാഭാസം.

മാർച്ച് 7 ന് കെ.എ.എസ് വിജ്ഞാപനം പി.എസ്.സി പുറപ്പെടുവിക്കും എന്ന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. ഡെപ്യൂട്ടേഷൻ റിസർവ് രൂപികരിച്ച് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നീക്കം.