CricketSports

India Vs Australia: ഇന്ത്യക്ക് 265 റണ്‍സിന്റെ വെല്ലുവിളി; സ്മിത്തിനും അലക്സ് ക്യാരിക്കും അർധ സെഞ്ച്വറി

Story Highlights
  • മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റ്

ചാമ്പ്യൻസ് ട്രോഫി ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസിന്‌റെ വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ഇന്ത്യക്കെതിര ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. (India Vs Australia)

കഴിഞ്ഞ മൽസരത്തിലെ ടീമിനെ അതേപോലെ തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ ഓസീസ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തി മാറ്റ് ഷോട്ടിനു പകരം കൂപ്പർ കൊണോലിയും സ്‌പെൻസർ ജോൺസണു പകരം തൻവീർ സൻഹായും കളിക്കാനിറങ്ങി.

264 റൺസുകൾ നേടിയ ഓസീസ് 49.3 ഓവറുകളിൽ ഓൾ ഔട്ട് ആകുകയായിരുന്നു. 96 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 73 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റീവൻ സ്മിത്താണ് ടോപ് സ്‌കോറർ. മധ്യനിരയിൽ അലക്‌സ് ക്യാരി 57 പന്തുകളിൽ 61 റൺസ് നേടി (8 ബൗണ്ടറിയും ഒരു സിക്‌സും).

മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡിനെ പുറത്താക്കാനുള്ള ഒരു അവസരം ലഭിച്ചെങ്കിലും അത് പൂർത്തീകരിക്കാനായില്ല, റിട്ടേൺ ക്യാച്ച് അവസരം ഷമിയ്ക്ക് മിസ്സ് ആകുകയായിരുന്നു. മൂന്നാം ഓവറിന്റെ അവസാന പന്തിൽ കൂപ്പർ കൊണോലിയെ ഷമി സംപൂജ്യനായി മടക്കി, വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനായിരുന്നു ക്യാച്ച്.

India Vs Australia Axar Patel wicket Glenn Maxwell

വരുൺ ചക്രവർത്തിയുടെ ആദ്യ ഓവറിൽത്തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ മടക്കി. ബൗണ്ടറിയിൽ ഫീൽഡു ചെയ്യുകയായിരുന്ന ശുഭ്മാൻ ഗിൽ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താകുമ്പോൾ 39 റൺസുകൾ 33 പന്തുകളിൽ നിന്നും നേടിയിരുന്നു ഹെഡ്.

29 റൺസുകൾ നേടിയ മാർണസ് ലെബുഷെയ്നെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ജോഷ് ഇംഗ്ലിസിനെയും പുറത്താക്കിയത് ജഡേജ ആയിരുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയത് അർദ്ധ സെഞ്ച്വറി തികച്ച സ്റ്റീവൻ സ്മിത്തിനെ 37ാം ഓവറിൽ ഷമി പുറത്താക്കിയപ്പോൾ തൊട്ടടുത്ത ഓവറിൽ കൂറ്റനടിക്കാരനായ ഗ്ലെൻ മാക്‌സ്വെല്‌നെ അക്‌സർ പട്ടേൽ ബൗൾഡാക്കി. അലക്‌സ് ക്യാരിയ്ക്ക് മികച്ച പിന്തുണ നൽകി 29 പന്തുകളിൽ 19 റൺസ് നേടിയ ബെൻ ഡാർഷ്യൂസിന്റെ വിക്കറ്റ് വരുൺ ചക്രവർത്തി നേടി.

നാൽപ്പത്തിയെട്ടാം ഓവറിലെ ആദ്യ പന്തിൽ അലക്‌സ് ക്യാരിയെ മികച്ച ഒരു ഡയറക്ട് ത്രോയിലുടെ ശ്രേയസ്സ് അയ്യർ പുറത്താക്കി. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം നേടി. അക്ഷർ പട്ടേലിനും ഹാർദ്ദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റുവീതം.

ഇന്ത്യൻ ബാറ്റിംഗ് നിരക്ക് തികച്ചും വെല്ലുവിളിയാകുന്ന ലക്ഷ്യമാണ് ഓസീസ് നൽകിയത് എങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഇത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

India Vs Australia: India set a target of 265 runs; Steven Smith and Alex Carey hit half-centuries