CrimeNews

ഭാര്യ ഉറ്റ സുഹൃത്തുമായി ചേർന്ന് ചതിച്ചുവെന്ന് സംശയിച്ച് ഇരട്ടക്കൊലപാതകം; വൈഷ്ണ – വിഷ്ണു കൊലപാതകത്തിന്റെ കാരണങ്ങള്‍ പുറത്ത്..

പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കാരണങ്ങൾ പുറത്ത്. പ്രതി ബൈജുവിന്‌റെ ഭാര്യ വൈഷ്ണയുടെയും ഉറ്റ സുഹൃത്തായ വിഷ്ണുവിന്‌റെയും ബന്ധമാണ് കൊലപാതകത്തിന് പ്രകോപനമെന്ന് വെളിപ്പെടുത്തൽ. മരപ്പണി ചെയ്യുന്ന ബൈജുവും വിഷ്ണുവും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ്് നാട്ടുകാർ പറയുന്നത്.

സ്വന്തമായി വീട് ബൈജുവിന് വലിയ സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാൽക്കാരത്തിനായി ഞായറാഴ്ചകളിലും വിശ്രമമില്ലാതെ ബൈജു ജോലിയിലായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞു വന്ന ബൈജു ഉറങ്ങിയ ശേഷം ഇടയ്ക്ക് ഉണർന്നപ്പോഴാണ് ഭാര്യ വൈഷ്ണ രഹസ്യമായി കൈവശം വച്ചിരുന്ന ഫോൺ കണ്ടത്.

മൊബൈൽ പരിശോധിച്ചതിനു പിന്നാലെ ബൈജു കൊടുവാളെടുത്ത് വൈഷ്ണയെ വെട്ടാൻ ചെന്നു. വീട്ടിൽ നിന്നിറങ്ങിയോടിയ അവർ ഓടിക്കയറിയത് വിഷ്ണുവിന്‌റെ വീട്ടിലേക്കാണ്. വിഷ്ണുവിനെ കതകിൽ തട്ടി വിളിക്കവേ പിന്നാലെ എത്തിയ ബൈജു വൈഷ്ണയെ വീടിന്‌റെ സിറ്റൗട്ടിലിട്ട് തലങ്ങും വിലങ്ങും വെട്ടി. പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിവന്ന വിഷ്ണുവിനെയും ബൈജു വെട്ടിക്കൊലപ്പെടുത്തി.

ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നത്. സുഹൃത്ത് വിഷ്ണുവിന് വൈഷ്ണ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് നൽകിയതും ബൈജു ചോദ്യംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അരുംകൊലയ്ക്ക് കാരണമായെന്ന് പറയപ്പെടുന്നു.

20 ലക്ഷം രൂപ വായ്പ എടുത്ത ബൈജു വീട് പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. വീടിന്‌റെ വയറിങ്, പ്ലംബിംഗ്, ടൈൽസ് ജോലികളും ചെയ്തത് ബൈജു തനിയെയാണെന്നും സുഹൃത്തുക്കൾ പറയുന്നു. അടുത്തമാസം പുതിയ വീട്ടിലേക്ക് മാറാൻ ഇരിക്കെയാണ് ഇരട്ടക്കൊലപാതകം.

വിഷ്ണുവിന്‌റെ വീടിന്‌റെ ഉമ്മറത്തും റോഡിലും രക്തം തളം കെട്ടിക്കിടന്നിരുന്നു. തൊട്ടടുത്ത് വീടുകളൊന്നുമില്ലാത്ത ഗ്രാമപ്രദേശമാണിത്. കരച്ചിലോ ബഹളങ്ങളോ ഒന്നും കേട്ടില്ലെന്നും അടുത്ത വീട്ടുകാർ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് വിഷ്ണു താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ വിഷ്ണുവിന്‌റെ അമ്മയെ പൊലീസ് മറ്റൊരു വീട്ടിലേക്കുമാറ്റി.