Kerala Government News

പി എസ് സി ചെയർമാൻ്റെയും അംഗങ്ങളുടേയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ചത് മുഖ്യമന്ത്രി; കെ. എൻ. ബാലഗോപാൽ എതിർത്തെന്ന് മന്ത്രിസഭ രേഖ

പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ചത് മുഖ്യമന്ത്രി മുൻകൈ എടുത്ത്. ധനവകുപ്പ് എതിർ‌പ്പ് മറികടന്നാണ് മുഖ്യമന്ത്രി ചെയർമാനും അംഗത്തിനും വേണ്ടി നിലപാട് എടുത്തതെന്ന് മന്ത്രിസഭ രേഖകൾ.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രസിസന്ധി നേരിടുന്നതിനാൽ ശമ്പള വർധന തൽക്കാലം വേണ്ടെന്നായിരുന്നു ധനവകുപ്പിന്റെ ആവർത്തിച്ചുള്ള നിലപാട്. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന നിലപാടുമെടുത്തു.

ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി ശമ്പളത്തിനും (2,24,100 രൂപ) അംഗങ്ങളുടേത് ജില്ലാ ജഡ്ജിയുടെ സെലക്‌ഷൻ ഗ്രേഡ് ശമ്പളത്തിനും (2,19,090 രൂപ) തുല്യമാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിഎസ്‌സി ചെയർമാൻ 2023 ജനുവരിയിൽ സർക്കാരിനു കത്തു നൽകിയത്. യാത്രാബത്ത 5,000 രൂപയിൽ നിന്നു 10,000 രൂപയായും വീട്ടുവാടക അലവൻസ് 10,000 രൂപയിൽ നിന്നു 35,000 രൂപയായും ഉയർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ധനവകുപ്പിന്റെ അഭിപ്രായം തേടിയപ്പോൾ ചെയർമാന് 2,24,100 രൂപ മൊത്തശമ്പളമെന്ന നിലയിൽ നൽകുമ്പോൾ ഡിഎ അനുവദിക്കാൻ കഴിയില്ലെന്നു ഉപദേശം നൽകി.

ജുഡിഷ്യൽ ഒാഫിസർമാരുടെ അലവൻസുകൾ പരിഷ്കരിച്ചിട്ടില്ലാത്തതിനാൽ വീട്ടുവാടകയും യാത്രാബത്തയും കൂട്ടാൻ കഴിയില്ലെന്നും നിലപാടെടുത്തു.
എന്നാൽ, കുടിശിക നൽകണോ വേണ്ടയോ എന്നാരാഞ്ഞു പൊതുഭരണവകുപ്പ് വീണ്ടും ധനവകുപ്പിനു ഫയൽ കൈമാറി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു കുടിശിക നൽകേണ്ടതില്ല എന്നായിരുന്നു ധനവകുപ്പിന്റെ ഉപദേശം.

പിഎസ്‌സി അംഗങ്ങൾക്കു കേന്ദ്ര നിരക്കിൽ ഡിഎ അനുവദിച്ചു കൊണ്ടു നിയമഭേദഗതി പ്രാബല്യത്തിലായിട്ടുണ്ടെന്നു ധനവകുപ്പിനെ ഒാർമിപ്പിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഡിഎ അടക്കം നൽകിയാൽ ശമ്പളം മൂന്നര ലക്ഷം കവിയുമെന്നതിനാൽ അനുവദിക്കാനാവില്ല എന്നു ധനവകുപ്പ് ഉറപ്പിച്ചു പറഞ്ഞു.

ഇതു ശമ്പള വർധനയ്ക്കു തടസ്സമായതോടെ മുഖ്യമന്ത്രി ഇടപെട്ട് കെ എൻ ബാലഗോപാലിനോട് അഭിപ്രായം രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു.
അതോടെ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര നിരക്കിൽ ഡിഎ നൽകാമെന്നു ധനവകുപ്പ് സമ്മതക്കുറിപ്പെഴുതി. ധനവകുപ്പ് അതു വരെ ഉന്നയിച്ചിരുന്ന എതിർപ്പുകൾ അങ്ങനെ അപ്രസക്തമായി.

പിന്നാലെ ഫയൽ മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
കഴിഞ്ഞ മേയ് 29നു ചേർന്ന മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചെങ്കിലും ചില മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സി അംഗങ്ങൾ വാങ്ങുന്ന ശമ്പളത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ഇതു പരിശോധിച്ചപ്പോൾ 2 സംസ്ഥാനങ്ങളിൽ ഒഴികെ എല്ലായിടത്തും പിഎസ്‌സി ആവശ്യപ്പെട്ട ഉയർന്ന ശമ്പളത്തിനു തുല്യമാണെന്നു കണ്ടെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു തീരുമാനം മാറ്റിവച്ചു.

വീണ്ടും മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് കഴിഞ്ഞ 19നു ചേർന്ന മന്ത്രിസഭാ യോഗം ശമ്പള വർധന നടപ്പാക്കാൻ തീരുമാനമെടുത്തത്. ആശ വർക്കർമാർ തുച്ഛമായ വേതനം ഉയർത്താൻ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് വിശ്വസ്തരായ ചെയർമാനും അംഗത്തിനും കുത്തനെ ശമ്പളം ഉയർത്തിയതിന് മുൻകൈ എടുത്തത് എന്നതാണ് വിരോധഭാസം.

പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചെങ്കിലും ഇതിനു മുൻകാല പ്രാബല്യമില്ല. കഴിഞ്ഞ ജനുവരി 1 മുതലാണു വർധന ബാധകം. അടിസ്ഥാന ശമ്പളത്തിനൊപ്പം കേന്ദ്ര നിരക്കിൽ ഡിഎ നൽകാൻ തീരുമാനിച്ചെങ്കിലും വീട്ടുവാടക അലവൻസിലും യാത്രാബത്തയിലും വർധനയില്ല. ഇത് യഥാക്രമം 10,000 രൂപയും 5,000 രൂപയും ആയി തുടരും. ചെയർമാന്റെ ആകെ പ്രതിമാസ ശമ്പളം 2.6 ലക്ഷം രൂപയിൽ നിന്ന് 3.6 ലക്ഷം രൂപയായും അംഗങ്ങളുടേത് 2.6 ലക്ഷം രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയായും ഉയരും.

Leave a Reply

Your email address will not be published. Required fields are marked *