NationalNews

ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; 16 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 16 പേരെ രക്ഷപ്പെടുത്തി. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ക്യാംപിന് സമീപമായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.‍‍ ആംബുലന്‍സുകളുടെ യാത്രമുതല്‍ ഹെലികോപ്റ്ററുകള്‍ ഡ്രോണുകള്‍ തുടങ്ങിയവ വിന്യസിക്കുന്നതിനും മഞ്ഞുവീഴ്ച പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ (ബിആര്‍ഒ) റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ബദരീനാഥ് ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഗ്രാമത്തിന് സമീപമുള്ള ആര്‍മി ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ബോഡര്‍ റോഡ് ഓര്‍ഗനൈസേഷനൊപ്പം ഐ.ടി.ബി.പിയും ദ്രുതകര്‍മ സേനയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.

4 ആംബുലന്‍സുകള്‍ അയച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ചമൂലം അവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ബിആര്‍ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍.മീന എഎന്‍ഐയോട് പറഞ്ഞു. 65 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മഞ്ഞുവീഴ്ച കാരണം ഹെലികോപ്റ്ററുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. ജോഷിമഠില്‍ നിന്നുള്ള ദുരന്തനിവാരണസേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററില്‍ എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തും.

ഉത്തരാഖണ്ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടും ആലിപ്പഴത്തോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റും വീശിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *