MediaNews

ഏഷ്യാനെറ്റിൽ കൂട്ടപ്പിരിച്ചുവിടൽ; നഷ്ടപരിഹാരം 15 മാസത്തെ ശമ്പളം

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ ഏഷ്യാനെറ്റിൽ നിന്ന് 80 ലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏഷ്യാനെറ്റ് മുകേഷ് അംബാനിയുടെ ഉട്മസ്ഥതയുടെ ജിയോക്ക് കീഴിൽ വന്നതോടെയാണ് ജീവനക്കാരെ കുറക്കാനുള്ള നീക്കം ശക്തമായത്. മലയാള മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരെ പിരിച്ചുവിടലായിരിക്കും ഏഷ്യാനെറ്റിൽ സംഭവിക്കാൻ പോകുന്നത്.

ആദ്യഘട്ടത്തിൽ നോട്ടീസ് കൈപ്പറ്റിയ 80ൽ 60 പേർ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നാണ്. ശേഷിച്ച 20 പേർ ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുമാണ്. പിരിഞ്ഞു പോകുന്നവർക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ തുക. മാർച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്കിയിരിക്കുന്നത്.

2019 മുതൽ ഡിസ്‌നി -സ്റ്റാർ ഉടമസ്ഥതയിലായിരുന്നു ഏഷ്യാനെറ്റ്. കഴിഞ്ഞ വർഷം ഡിസ്‌നി -സ്റ്റാർ കമ്പനിയെ റിലയൻസിന്റെ ജിയോ സ്റ്റാർ ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് വിനോദ ചാനലും അതിന്റെ ഭാഗമായി മാറി. ജിയോ സ്റ്റാറിനെ നിതാ മുകേഷ് അംബാനി ചെയർപേഴ്സണായുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഭാഗമായ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയിൽ നിന്നും പിരിച്ചുവിടലിനും ജിയോ സ്റ്റാർ കമ്പനിക്ക് പദ്ധതിയുണ്ട്.

മലയാളി വ്യവസായി റെജി മേനോൻ 1993ൽ സ്ഥാപിച്ചതാണ് ഏഷ്യാനെറ്റ് ടിവി ചാനൽ. അക്കാലത്ത് വിനോദവും വാർത്തയും ചേർത്ത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന ഒറ്റ ചാനലായിരുന്നു. 2006 അവസാനത്തോടെ റെജി മേനോൻ ബംഗളൂരുവിലെ വ്യവസായിയും ബിപിഎൽ കമ്പനി ഡയറക്ടറുമായ രാജീവ് ചന്ദ്രശേഖറിന് (ജൂപ്പിറ്റർ എന്റർടൈൻമെന്റ് വെഞ്ച്വേഴ്സ്) ചാനൽ കൈമാറി.

2006ൽ ഏഷ്യാനെറ്റിന്റെ 51% ഓഹരികൾ രാജീവ് ചന്ദ്രശേഖറിൽ നിന്ന് സ്റ്റാർ ഇന്ത്യ വാങ്ങി. പിന്നാലെ 2008ൽ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക കമ്പനിയായി. വിനോദ ചാനൽ സ്റ്റാറിന്റെ കീഴിലായി. ന്യൂസ് ചാനലിന്റെ ഉടമസ്ഥത രാജീവിനുമായി. 2014ൽ വിനോദ ചാനലിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സ്റ്റാർ ഇന്ത്യക്കായി. 2019ൽ സ്റ്റാറിന്റെ ഓഹരികൾ വാൾട്ട് ഡിസ്‌നി വാങ്ങിയതോടെ ഡിസ്‌നി -സ്റ്റാർ സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ്. ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം ജിയോ സ്റ്റാറിന്റെ വരവോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *