News

ആശാ വർക്കർമാരുടെ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്; മാർച്ച് 3ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: ന്യായമായ ശമ്പളം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ്.

മാർച്ച് മൂന്നിന് സെക്രട്ടേറിയറ്റ് മാർച്ച നടത്തും. ആശാ വർക്കർമാർ സമരം നിർത്തി ജോലിക്ക് തിരികെ പ്രവേശിക്കണമെന്ന് ഭീഷണപ്പെടുത്തി സർക്കാർ ഇറക്കിയ സർക്കുലർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിൽ കത്തിച്ച് കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.

ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കും. മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കും. മാർച്ച് 3 തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാവർക്കർമാരെ ജോലിയിൽ നിന്ന് ഒഴിവാക്കി തൽസ്ഥാനത്ത് സിപിഎം അനുഭാവികളെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് വിമർശനം. ആശാവർക്കർമാരുടെ ഓണറേറിയം വർധനവ്, മുടങ്ങിക്കിടക്കുന്ന തുച്ഛമായ ഓണറേറിയവും ഇൻസെന്റീവും നൽകുക, വിമരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ അവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാമെന്ന് കരുതണ്ട.

ആ നടപടിയെ എന്തുവില കൊടുത്തും കോൺഗ്രസ് ചെറുക്കും. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും സർക്കാർ അഭിഭാഷകർക്കും ശമ്പള വർധനവും ഡൽഹിയിലെ കേരള പ്രതിനിധിക്ക് വാർഷിക യാത്രാ ബത്തയും വർധിപ്പിച്ച സർക്കാർ അതിജീവന സമരം നടത്തുന്ന ആശാവർക്കർമാരെ കണ്ടില്ലെന്ന് നടിക്കുകയാണ് എം.ലിജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *