
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണങ്ങളെക്കുറിച്ച് ഏകദേശ ധാരണയിലെത്തി പോലീസ്. കൊലപാതകം നടത്തിയ അഫാന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ബാധ്യതകളിലേക്ക് തന്നെയാണ് കാരണങ്ങളുടെ സൂചന നീളുന്നത്.
മകൻ അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മ ഷെമിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഷെമിക്ക് മാത്രം 65 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ആദ്യം കൊലപ്പെടുത്തിയ മുത്തശ്ശി സൽമാബീവിയുടെ മാല പണയം വെച്ച് ലഭിച്ച 40,000 രൂപ കടംവീട്ടാനാണ് അഫാൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകങ്ങൾക്കിടയിലും പ്രതി കടം വീട്ടാൻ ശ്രമം നടത്തിയ പ്രതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൊലക്ക് കാരണമായി പറഞ്ഞതും സാമ്പത്തിക ബാധ്യതകളെക്കുറിച്ചായിരുന്നു. അഫാൻ ഇന്റർനെറ്റിൽ അവസാനം തിരഞ്ഞ കാര്യങ്ങൾക്കായും പോലീസ് അന്വേഷണം ഊർജിതമാക്കി.
സാമ്പത്തിക ബാധ്യതയാണെന്ന് ഉറപ്പിക്കണമെങ്കിൽ പ്രതി അഫാൻ മാതാവ് ഷെമി എന്നിവരുടെ മൊഴി എടുക്കണം. തറയിൽ തലയിടിച്ച് വീണു എന്നാണ് ഇന്നലെ ഷെമി മജിസ്ട്രേറ്റിന് നൽകിയ മൊഴി. മകനെ രക്ഷിക്കാനുള്ള മൊഴി മാത്രമെന്ന് വിലയിരുത്തിയ അന്വേഷണ സംഘം ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 72 മണിക്കൂറിന് ശേഷം ഷെമിയുടെ മൊഴിയെടുക്കാൻ കഴിയും എന്നാണ് അന്വേഷണ സംഘത്തെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.
അന്വേഷണം അഫാൻറെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്. കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.