CrimeNews

കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം; പ്രതിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. അഫാനെ സംബന്ധിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതി രാസലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഏതുതരം ലഹരിയാണ് ഉപയോഗിച്ചത് എന്ന കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആറ് പേരേയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ആക്രമിച്ചത്. കൊല്ലപ്പെട്ട അഞ്ച് പേരുടെയും തലയിൽ അടിയേറ്റ ക്ഷതമുണ്ട്. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ടെന്നും, പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്നും പൊലീസ് പറ‍ഞ്ഞു. അഫാന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപിക്കരിക്കും. മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പരിശോധിക്കുക.

പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്‍ ആക്രമിച്ച മാതാവ് ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എല്ലാവരുടേയും സംസ്‌കാരം ഇന്ന് തന്നെയുണ്ടാകും.

25 കിലോമീറ്ററുകളോളം സഞ്ചരിച്ച് മൂന്നിടങ്ങളിലായാണ് അഫാന്‍ ആറ് പേരെ ആക്രമിച്ചത്. പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാ ബീവിയെ ആണ് അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ശേഷം പുല്ലമ്പാറയിലെത്തി പിതൃസഹോദരന്‍ ലത്തീഫിനേയും ഭാര്യയേയും കൊന്നു. അനിയനേയും സുഹൃത്ത് ഫര്‍സാനയേയും കൊലപ്പെടുത്തിയത് പേരുമലയിലെ വീട്ടില്‍വെച്ചാണ്. വളരെ ആസൂത്രണത്തോടെ നടത്തിയ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *