
ശശി തരൂരിൻ്റെ തരിപ്പിന് പിന്നിൽ ആ രണ്ട് കസേരകൾ. ശശിക്ക് പിണറായിയുടെ കസേര വേണം അല്ലെങ്കിൽ മോദിയുടെ കസേര വേണം. ടെസ്റ്റ് എഴുതി കിട്ടുന്ന കസേരയാണ് ഇതെല്ലാമെന്ന ചിന്തയാണ് ശശിക്ക്.
വിയർപ്പിൻ്റെ അസുഖം ഉള്ളതുകൊണ്ട് പിണറായിയേയും മോദിയേയും പോലെ പൊരിവെയിലത്ത് ഇറങ്ങി പ്രവർത്തിച്ചിട്ടും ഇല്ല. പക്ഷേ കസേര വേണം. പിണറായി ആണെങ്കിൽ തഴക്കവും പഴക്കവും വരാത്ത മരുമോൻ മുഹമ്മദ് റിയാസിനെ തൻ്റെ പിൻഗാമിയായി അവരോധിക്കാനുള്ള ശ്രമത്തിലും. മോദി മാറിയാൽ പ്രധാനമന്ത്രി ആകാൻ അമിത് ഷാ ഉടുപ്പും തയ്ച്ച് ഇരിക്കുകയും ആണ്.
പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് അധികാരത്തിൽ വരണമെങ്കിൽ പൊരിവെയിലത്ത് ഇറങ്ങി പണിയെടുക്കണം. വെയില് ശശിക്ക് വഴങ്ങുകയും ഇല്ല. മോഹങ്ങൾക്ക് അറുതിയില്ലല്ലോ! തലസ്ഥാനത്തെ എം.പി കൂടിയായ ശശി രണ്ടാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരം അറിഞ്ഞ മട്ട് ഇല്ല. ശശിക്ക് എന്ത് ആശ വർക്കർ? പി.എസ്.സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ കൂട്ടിയിട്ടും ശശി മിണ്ടിയിട്ട് ഇല്ല.
പ്ലീഡർമാരുടെ ശമ്പളം കൂട്ടിയതും പട്ടികജാതി ഫണ്ട് 500 കോടി വെട്ടി കുറച്ചത് ഒന്നും ശശിക്ക് വിഷയമല്ല. ശശിയുടെ കിനാവുകളിൽ ക്ലിഫ് ഹൗസ് കസേര മാത്രം!. ന്യനപക്ഷ ഫണ്ട് വെട്ടി കുറച്ചതും ശശി അറിഞ്ഞില്ല . പട്ടിക വർഗ ഫണ്ട് 112 കോടി വെട്ടിക്കുറച്ചതിനെ കുറിച്ചും ശശിക്ക് മിണ്ടാട്ടം ഇല്ല. പക്ഷേ കസേര വേണം. ടി.പി. കേസ് പ്രതികൾക്ക് 1000 ദിവസത്തിൽ കൂടുതൽ പരോൾ കിട്ടിയിട്ടും ശശിക്ക് യാതൊരു പ്രതികരണവും ഇല്ല.
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഒന്നര വർഷമായി ആനുകൂല്യം കിട്ടാത്തതും ശശി അറിഞ്ഞില്ല . ഇതൊന്നു അറിയേണ്ട കാര്യം തനിക്ക് ഇല്ല താൻ ഒരു മഹാ സംഭവം ആണെന്നാണ് ശശി ധരിച്ച് വച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ 3 മാസമായി കുടിശികയായിട്ടും പ്രതികരിക്കാത്ത ശശിയുടെ മുൻഗണന ആരുടെ കാര്യങ്ങൾ നടത്തി കൊടുക്കാനാണ്. എലൈറ്റ് ക്ലാസ് തനിക്കാപ്പം ഉണ്ട് എന്ന മിഥ്യാധാരണയിലാണ് ശശി.
എലൈറ്റ് ക്ലാസ് ഇത്തവണ വോട്ട് ചെയ്തത് രാജീവ് ചന്ദ്രശേഖർക്കാണ്. തോൽവി ഭയന്ന് വിയർത്ത് കുളിച്ച ശശി അവസാനം കര കയറിയത് മൽസ്യതൊഴിലാളികളുടെ വോട്ട് കൊണ്ടാണ്. ശശിക്ക് കിനാവ് കാണാം. നൂലിൽ കെട്ടി ഇറങ്ങാൻ പറ്റിയ കസേര അല്ല മുഖ്യമന്ത്രി കസേര. എലൈറ്റ് ക്ലാസ് വിചാരിച്ചാൽ ശശിക്ക് ആ കസേര കിട്ടില്ല. ഏതെങ്കിലും നാടകത്തിൽ അവർ വിചാരിച്ചാൽ മുഖ്യമന്ത്രിയായി ശശിക്ക് അഭിനയിക്കാം എന്ന് മാത്രം.
ആശ വർക്കർമാരുടെ, ക്ഷേമ പെൻഷൻ കാരുടെ, പട്ടിക ജാതി പട്ടിക വർഗക്കാരുടെ , മൽസ്യതൊഴിലാളികളുടെ , കെട്ടിട നിർമാണ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശശി ആദ്യം തയ്യാറാകണം.
ഒരു കൈ കൊണ്ട് മുടി വകഞ്ഞ് മാറ്റുന്നതല്ല രാഷ്ട്രീയം. മറ്റൊരു കെ.വി തോമസ് ആയി ശശി മാറുന്ന കാലം അതി വിദൂരമല്ല.