
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഓഫിസറും കുടുംബവും മരിച്ച നിലയിൽ; കൂട്ട ആത്മഹത്യ?
കൊച്ചി: കാക്കനാട് കൂട്ട ആത്മഹത്യയെന്ന് സംശയം. കസ്റ്റംസ് അഡീഷനൽ കമ്മിഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, ഇവരുടെ മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ ആണ് സംഭവം. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ.
മനീഷ് രണ്ടാഴ്ചയിലേറെയായി അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോകണം എന്നായിരുന്നു അവധിക്ക് കാരണമായി പറഞ്ഞിരുന്നത്. അവധി കഴിഞ്ഞിട്ടും മനീഷ് ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
വൈകിട്ടോടെ ക്വാർട്ടേഴ്സിലെത്തിയ സഹപ്രവർത്തകർ ദുർഗന്ധം അനുഭവപ്പെട്ടതോടെ വീടിനു ചുറ്റും നടന്നു പരിശോധിച്ചപ്പോഴാണ് പിൻവശത്തെ മുറിയുടെ ജനൽ തുറക്കാൻ സാധിച്ചതും ശാലിനിയുടെ മൃതദേഹം കണ്ടതും. പിന്നീട് മുൻവശത്തെ മുറിയുടെ ജനൽ തുറന്നപ്പോഴാണ് മനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വീടു തുറന്ന് നടത്തിയ പരിശോധനയിൽ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ ശകുന്തളയെയും കണ്ടെത്തുകയായിരുന്നു.
ഒന്നര കൊല്ലം മുൻപാണ് ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്. ഇവർക്ക് അയൽക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല. മൂന്നുപേരുടെയും കിടപ്പുമുറികളിലായിരുന്നു മൃതദേഹം.