
സെക്രട്ടേറിയറ്റിലെ നികുതി വകുപ്പിൽ ഫാൻ പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റില്‍ പെഡസ്ട്രിയല്‍ ഫാൻ പൊട്ടിത്തെറിച്ചു. അസിസ്റ്റൻ്റ് രക്ഷപ്പെട്ടത് അത്ഭുതകരമായി. പഴയ നിയമസഭ മന്ദിരത്തിലാണ് സംഭവം. നികുതി വകുപ്പാണ് ഇവിടെ പ്രവർത്തിക്കുന്നത്. അസിസ്റ്റൻ്റ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ ഫാൻ പൊട്ടിത്തെറിച്ചത്. ഫാനിൻ്റെ ലീഫ് കമ്പ്യൂട്ടറില്‍ തട്ടി തെറിച്ചുപോകുകയായിരുന്നു.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ അപകടങ്ങളും ജീവനക്കാർക്ക് പരിക്കേല്‍ക്കുന്നതും ഇപ്പോള്‍ ഇടക്കിടക്ക് സംഭവിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അതിന് മുമ്പ് സീലിംഗ് അടർന്ന് വീഴുന്ന സംഭവവും ഉണ്ടായി. നവീകരണ പ്രവർത്തനങ്ങള്‍ നിരന്തരം നടക്കുന്ന സെക്രട്ടേറിയറ്റില്‍ ഇങ്ങനെ ഇടക്കിടക്ക് അപകട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ ജീവനക്കാർ ആശങ്കാകുലരാണ്.