
പ്ലീഡർമാരുടെ ശമ്പള വർധനവിന് 3 വർഷത്തെ മുൻകാല പ്രാബല്യം; ശമ്പള കുടിശിക കൊടുക്കാൻ വേണ്ടത് 13.33 കോടി
തിരുവനന്തപുരം: വിശ്വസ്തരുടെ ശമ്പളം മുൻകാല പ്രാബല്യത്തിൽ ഉയർത്തുന്നതിലൂടെ ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ. ഇന്നലത്തെ മന്ത്രിസഭ യോഗത്തിൽ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും കുത്തനെ ശമ്പളം വർദ്ധിപ്പിച്ചു കൊടുത്തിരുന്നു. ഇവർക്ക് ശമ്പള കുടിശിക കൊടുക്കാൻ 38 കോടി രൂപ കണ്ടെത്തണം. ജനുവരി 28 ലെ മന്ത്രിസഭ യോഗത്തിൽ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം കുത്തനെ ഉയർത്തിയിരുന്നു.
ജീവനക്കാരുടെ ക്ഷാമബത്തക്ക് ആനുപാതികമായി ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം ഉയർത്തുന്നു എന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഫയലിൽ എഴുതിയത്. ജീവനക്കാരുടെ ക്ഷാമബത്ത 12 ശതമാനം മാത്രമാണ് എന്നിരിക്കെ പ്ലീഡർമാരുടെ ശമ്പളത്തിൽ 17 ശതമാനം വർധന വരുത്താനാണ് ധനമന്ത്രി അനുമതി നൽകിയത്. മന്ത്രിസഭ യോഗത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി ശമ്പള വർധനവ് 25 ശതമാനമാക്കി ഉയർത്തി.
ഒപ്പം 2022 ജനുവരി മുതൽ ശമ്പള വർധനക്ക് മുൻകാല പ്രാബല്യവും നൽകി. ഇതോടെ 36 മാസത്തെ കുടിശിക പ്ലീഡർമാർക്ക് കിട്ടും. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് 1.50 ലക്ഷമായിട്ടാണ് ഉയർത്തിയത്. പ്രതിമാസം 30000 രൂപയാണ് ശമ്പള വർധനവ്. 22 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരാണ് ഉള്ളത്. ഇവർക്ക് 36 മാസത്തെ കുടിശിക കൊടുക്കാൻ 2,37,60,000 രൂപ വേണം. സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷമായിട്ടാണ് ഉയർത്തിയത്.

ശമ്പള വർധനവ് 30000 രൂപ. 54 സീനിയർ ഗവൺമെന്റ് പ്ലീഡർമാരാണ് ഉള്ളത്. ഇവർക്ക് 36 മാസത്തെ കുടിശിക കൊടുക്കാൻ 5, 83,20,000 രൂപ വേണം. ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1 ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷമായാണ് ഉയർത്തിയത്. ശമ്പള വർധനവ് 25000 രൂപ. 57 ഗവൺമെന്റ് പ്ലീഡർമാരാണ് ഉള്ളത്.
ഇവരുടെ 36 മാസത്തെ കുടിശിക കൊടുക്കാൻ വേണ്ടത് 5,13,00,000 രൂപ.പ്ലീഡർമാരുടെ ശമ്പള കുടിശിക കൊടുക്കാൻ മൊത്തം 13,33,80,000 രൂപ കണ്ടെത്തണം. ജനുവരി 28ലെ ഒറ്റ മന്ത്രിസഭ യോഗ തീരുമാനത്തിലൂടെ ഖജനാവിന് നഷ്ടം 13.33 കോടി. ഇത് കുടിശിക കൊടുക്കാൻ മാത്രമാണ്. ഓരോ മാസവും ശമ്പളം ഉയർത്തിയത് വഴിയുള്ള നഷ്ടം വേറെയും.
English Summery : Revision of monthly remuneration – Kerala government law officers in the high court and the Kerala Administrative tribunal