പത്തനംതിട്ട: യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന “സനാതനി: കർമ്മ ഹി ധർമ്മ ” എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ ആവശ്യപ്പെട്ടു. മതങ്ങൾ തമ്മിൽ സ്പർദ്ധയും വൈരാഗ്യവും വളർത്താൻ മാത്രം ഉപകരിക്കുന്ന ഈ സിനിമക്ക് എങ്ങനെ പ്രദർശനാനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം.
യേശു വ്യാജ ദൈവമാണന്നും, യേശുവിന് മൂന്ന് പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, യേശു മജീഷ്യൻ ആയിരുന്നെന്നും, നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയാണ് യേശു ചെയ്തതെന്നും സിനിമയിൽ കാണിക്കുന്നു.
ക്രൈസ്തവർ ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തതായി സിനിമയിൽ കാണിക്കുന്നു. ഇത്തരത്തിലുള്ള ആക്ഷേപണങ്ങൾ കാണിക്കുന്നത് വീണ്ടും ഒഡീഷയിലെ കണ്ടമാൽ ജില്ലയിൽ 2008 ൽ ക്രൈസ്തവജനതക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ആവർത്തിക്കുവാനുള്ള നീക്കമാണ്. ഇത് അനുവദിക്കാൻ പാടില്ല.
ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യത്തിനും മതേതര പരമ്പര്യത്തിനും നിരക്കാത്തതും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ സിനിമ. സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ കട്ടക്ക് ഓഫീസ് അനുമതി നിഷേധിക്കുകയും പിന്നീട് സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ്റെ മുംബൈ ഓഫീസ് അനുമതി നൽകുകയും ചെയ്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
നമ്മുടെ രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദ പാരമ്പര്യത്തിന് നിരക്കാത്ത ഈ ചിത്രത്തിന്റെ വിതരണവും പ്രദർശനവും രാജ്യമൊട്ടാകെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അടക്കം നിരോധിക്കണമെന്നും ഒഡീഷയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് സംരക്ഷണം നൽകുകയും ചെയ്യണം.
ഒരു വശത്ത് ക്രൈസ്തവ സ്നേഹം കാണിക്കുകയും അതേസമയം മറുവശത്ത് ക്രൈസ്തവ ചിഹ്നങ്ങളെ വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ജനകോടികൾ ആരാധിക്കുന്ന കർത്വത്വങ്ങളെ അധിക്ഷേപിക്കുകയും വിശ്വാസി സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ ഭൂഷണമല്ല – പിസിഐ അഭിപ്രായപെട്ടു.
പാസ്റ്റർ നോബിൾ പി തോമസ് (പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ, ഏബ്രഹാം ഉമ്മൻ, ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.