കേരള ബജറ്റ്: പൊള്ളയായ വാക്കുകള്‍ കൊണ്ടുള്ള നിര്‍മ്മിതി; പദ്ധതി വിഹിതം വെട്ടിക്കുറച്ചതാണോ ധനമന്ത്രിയുടെ പ്ലാന്‍ ബി: വി.ഡി. സതീശൻ

VD Satheesan Kerala LOP

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. (07/02/2025)

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു വിവരങ്ങളും ഇല്ലാതെ പൊള്ളയായ വാക്കുകള്‍ കൊണ്ടുള്ള നിര്‍മ്മിതി മാത്രമാണ് സംസ്ഥാന ബജറ്റ്. പുതിയ മാതൃകകളും രീതികളും കൊണ്ട് വന്ന് വ്യത്യസ്തമായതും വേഗതയേറിയതുമായ ഔട്ട് ഓഫ് ദ ബോക്‌സ് പദ്ധതി മാതൃകകള്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്. കഴിഞ്ഞ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടിക്കുറയ്ക്കാലാണെന്ന് കഴിഞ്ഞ ദിവസമാണ് എല്ലാവര്‍ക്കും മനസിലായത്. പ്ലാനില്‍ ഗൗരവതരമായ വെട്ടിക്കുറവ് നടത്തിയിട്ട് വീണ്ടും പ്ലാന്‍ അലോക്കേഷനെ കുറിച്ച് പറയുന്നതിന്റെ വിശ്വാസ്യത എന്താണ്? 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ ചെലവാക്കാന്‍ അനുമതി നല്‍കി പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട പദ്ധതി അടങ്കല്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വെട്ടിക്കുറച്ചത് ഭരണഘടനാവിരുദ്ധമാണ്. കഴിഞ്ഞ വര്‍ഷത്തെ മിക്ക പദ്ധതികളുടെയും വിഹിതം 50 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്. ഇതിനു പുറമെ കടബാധ്യ തീര്‍ക്കാനുള്ള വിഹിതം പോലും ഈ ബജറ്റില്‍ ഇല്ല.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കു പുറമെ പട്ടികജാതി പട്ടിക വര്‍ഗ പദ്ധതികളിലും വ്യാപകമായ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് അഭിമനത്തോടെയാണ് ധനകാര്യമന്ത്രി സംസാരിച്ചത്. ലൈഫ് മിഷന് കഴിഞ്ഞ ബജറ്റില്‍ 500 കോടി നീക്കിവച്ചിട്ട് 24 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഇത് ബജറ്റിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും വിവിധ ക്ഷേമപദ്ധതികളും കുട്ടികളുടെ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ വെട്ടിച്ചുരുക്കി. 700 കോടി രൂപ സപ്ലൈകോയ്ക്ക് നീക്കി വച്ചെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ 700 കോടി രൂപ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കിക്കഴിഞ്ഞാല്‍ സപ്ലൈകോയ്ക്ക് പ്രവര്‍ത്തനമൂലധനം പോലും ഇല്ലാത്ത സ്ഥിതിയുണ്ടാകും. എല്ലാ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും അവസ്ഥ ഇതാണ്. 1550 കോടി രൂപയാണ് കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. എന്നാല്‍ ഈ ബാധ്യത തീര്‍ക്കാനുള്ള പണം പോലും നല്‍കിയിട്ടില്ല.

ആവര്‍ത്തന വിരസതയായിരുന്നു ബജറ്റില്‍. 24 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ബജറ്റ് കേള്‍ക്കുന്നത് ആദ്യമായാണ്. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റിന്റെ രൂപത്തിലേക്ക് പോലും ആക്കയിട്ടില്ല. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡി.എ പി.എഫില്‍ ലയിപ്പിക്കുമെന്നാണ് പറയുന്നത്. അപ്പോള്‍ അത് ജീവനക്കാര്‍ക്ക് കിട്ടില്ല. ലീവ് സറണ്ടര്‍ 2027ല്‍ കിട്ടുമെന്നാണ് പറഞ്ഞത്. റബറിന്റെ തറവില കഴിഞ്ഞ ബജറ്റില്‍ 180 രൂപയാക്കി. പക്ഷെ വിപണി വില 208 മുതല്‍ 210 വരെയാണ്. വിപണിയെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ ഒരു ബോധ്യവുമില്ല. ഒന്നും പഠിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഭൂ നികുതിയില്‍ 50 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പാവങ്ങളെ പിഴിയുന്നതിനു വേണ്ടിയാണിത്. ഇത് അംഗീകരിക്കാനാകില്ല. സമര പരിപാടികളെ കുറിച്ച് യു.ഡി.എഫ് ആലോചിക്കും. നികുതി പരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കോവിഡ് കാലത്തെയും അതിനു ശേഷവുമുള്ള മാറ്റം കണക്കാക്കിയാണ് ഈ സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പറയുന്നത്. 30 ശതമാനത്തില്‍ അധികം ജി.എസ്.ടി വരുമാനം വര്‍ധിക്കേണ്ട സ്ഥാനത്ത് ആ നേട്ടത്തിലേക്ക് എത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൃത്യമായി നികുതി പിരിച്ച് അത് ക്ഷേമ വികസന പദ്ധതികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന പ്രഥമിക ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല.

ജല്‍ജീവന്‍ പദ്ധതിയെ കുറിച്ച് ഒരു പേജില്‍ മുഴുവന്‍ പറയുമ്പോഴും 4500 കോടിയാണ് സംസ്ഥാന വിഹിതമായി നല്‍കാനുള്ളത്. സംസ്ഥാന വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് കേന്ദ്ര വിഹിതവും കിട്ടാത്ത അവസ്ഥയാണ്. ജീവനക്കാര്‍ക്ക് മാത്രം 65000 കോടിയാണ് നല്‍കാനുള്ളത്. ഇത്തരത്തില്‍ ഒന്നേകാല്‍ ലക്ഷം കോടിയുടെ കടബാധ്യതയാണ് സര്‍ക്കാരിനുള്ളത്. 50 ശതമാനം പ്ലാന്‍ റദ്ദാക്കിയിട്ടാണ് പ്ലാന്‍ വര്‍ധിപ്പിച്ചെന്ന് പറയുന്നത്. ഈ സര്‍ക്കാരിന്റെ ഭരണം കേരളത്തെ പത്തിരുപത് വര്‍ഷം പിന്നോട്ട് വലിക്കുകയാണ്. സര്‍വകലാശാലകളില്‍ വി.സിമാര്‍ പോലുമില്ല. കുട്ടികള്‍ മുഴുവന്‍ വിദേശത്തേക്ക് പോകുകയാണ്. കേരളത്തിലെ ബ്രെയിന്‍ ഡ്രെയ്ന്‍ തടയാനുള്ള പദ്ധതികളൊന്നുമില്ല. ഭരണഘടനാ ബാധ്യത നിര്‍വഹിക്കണം എന്നതു കൊണ്ട് ഒരു വിശ്വാസ്യതയും ഇല്ലാത്ത കണക്കുകളാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തിയതോടെ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങള്‍ മാറി. ഇതിനു പിന്നാലെ ആ പ്രസ്താവനയില്‍ ഇല്ലാത്ത എല്ലാ പദ്ധതികളുടെയും വിഹിതം വെട്ടിക്കുറച്ചു. എത്ര ക്രൂരമായാണ് പട്ടികജാതി പട്ടിക വര്‍ഗ വിദ്യര്‍ത്ഥികളുടെ സാമ്പത്തിക സഹായവും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും വെട്ടിക്കുറച്ചത്. എന്നിട്ടാണ് സ്‌കോളര്‍ഷിപ്പ് കുറച്ചില്ലെന്ന് മന്ത്രി പറഞ്ഞത്. രണ്ട് വര്‍ഷമായി പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്‍സ് പോലും നല്‍കുന്നില്ല. പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സഹായം ഈ സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഇല്ല. ഭവനരഹിത പട്ടികജാതിക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴിയുള്ള ഭവനപദ്ധതിക്ക് 300 കോടി വകയിരുത്തിയിട്ട് അത് 120 കോടിയായി വെട്ടിക്കുറച്ചു. അറുപത് ശതമാനമാണ് കുറച്ചത്. ആശുപത്രികളിലെ സൗജന്യ ചികിത്സയെ കുറിച്ച് അഭിമാനിക്കുമ്പോഴും 1800 കോടിയോളം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പോലുമില്ല. ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തെ ബാധ്യത തീര്‍ക്കാന്‍ പോലും തികയില്ല. അവസാന വര്‍ഷമായതോടെ പ്രവര്‍ത്തിക്കാത്ത രീതിയിലേക്ക് സര്‍ക്കാര്‍ പോകുകയാണ്. അതുകൊണ്ടു തന്നെ ഒരു ഫെയര്‍വെല്‍ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. കേരളത്തെ ദുരന്തത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിട്ട് പോകുന്ന പോക്കാണിത്.

കിഫ്ബി ബില്ല് കൊണ്ടു വന്നപ്പോള്‍ തന്നെ പ്രതിപക്ഷം നിയമപരമായ തടസവാദം ഉന്നയിച്ചിരുന്നു. കിഫ്ബി എടുക്കുന്ന കടത്തിന്റെ ബാധ്യത സര്‍ക്കാരിന്റെ ബാധ്യതയാകും. കിഫ്ബി എന്ന വെള്ളാനയില്‍ നിന്നും എന്ത് പ്രയോജനമാണ് സംസ്ഥാനത്തിന് ഉണ്ടായത്. പ്രതിപക്ഷത്തിന് പുതിയ ഇക്കണോമിക് മോഡല്‍ മനസിലാകുന്നില്ലെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ ഇന്ന് കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് ബജറ്റിന്റെ തുടക്കത്തില്‍ പറഞ്ഞതു തന്നെ കാപട്യമാണ്. കേരളം ഇതുവരെ ഭരിച്ച ആരും ഉണ്ടാക്കാത്ത ബാധ്യതയാണ് ഈ സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments