കേന്ദ്ര ജീവനക്കാർക്ക് ശമ്പള പരിഷ്കരണം 2026 ൽ ; ആദായ നികുതി ഇളവിൻ്റെ ഗുണം 2025-26 ൽ മാത്രം! ശമ്പളം ഇരട്ടിയാകുന്നതോടെ വീണ്ടും നികുതി വലയിൽ
ആദായ നികുതി ഇളവാണ് പ്രധാന ചർച്ച വിഷയം. ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് 12 ലക്ഷത്തിന് നികുതി വേണ്ട എന്ന തരത്തിൽ ആദായനികുതി ഇളവ് പ്രഖ്യാപിച്ചതെന്ന വിമർശനവും ശക്തമാണ്.
സർക്കാർ ജീവനക്കാർ ആദായനികുതി ഇളവിനെ രാഷ്ട്രിയ ഭേദമെന്യേ സ്വാഗതം ചെയ്യുന്നുണ്ട്. 12 ലക്ഷത്തിന് നികുതി വേണ്ട എന്ന തീരുമാനം വഴി കേരളത്തിൽ മാത്രം 4.50 ലക്ഷം ജീവനക്കാർക്ക് നികുതി അടയ്ക്കേണ്ട എന്നതാണ് പ്രാഥമിക കണക്ക്. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന ഒരു ലക്ഷം ജീവനക്കാരാണ് കേരളത്തിൽ ഉള്ളത്.
അവർ മാത്രം നികുതി അടച്ചാൽ മതി. ആദായ നികുതി ഇളവിൽ കേന്ദ്ര സർക്കാർ ജീവനക്കാരും ഹാപ്പിയാണ്. 2026 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നിലവിൽ വരും. അതോടെ അവരുടെ ശമ്പളം ഉയരുകയും വീണ്ടും നികുതി വലയിൽ എത്തുകയും ചെയ്യും എന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്.
അതുകൊണ്ട് 2025- 26 സാമ്പത്തിക വർഷത്തെ ഗുണം മാത്രമേ നികുതി ഇളവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കൂ.കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്രത്തിൽ ശമ്പള പരിഷ്കരണം നടക്കുന്നത്.
ഫിറ്റ് മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ശമ്പളം വലിയ തോതിൽ വർദ്ധിക്കും എന്നാണ് റിപ്പോർട്ട് . അതോടെ സ്വാഭാവികമായും താഴ്ന്ന വിഭാഗം ജീവനക്കാർ ഒഴികെ ഭൂരിഭാഗം ജീവനക്കാരും നികുതി വലയിൽ എത്തും.ധന പ്രതിസന്ധിയുടെ പേര് പറഞ്ഞ് കേരളത്തിൽ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞ് വച്ചിരിക്കെയാണ്.
1-7-24 പ്രാബല്യത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും കേരളത്തിൽ നിയമിച്ചിട്ടില്ല. 19 ശതമാനം ക്ഷാമബത്തയും കുടിശികയാണ്. കേന്ദ്രത്തിൽ കൃത്യമായി ക്ഷാമബത്ത കൊടുക്കുന്നുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷനും വന്നു. 2026 ൽ പരിഷ്കരണ ശമ്പളവും ലഭിക്കും. അതോടെ ആദായ നികുതി ഇളവിൻ്റെ ഗുണം 2025- 26 വർഷത്തേക്ക് മാത്രമായി ചുരുങ്ങും.