CrimeNews

ദേവേന്ദുവിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി. ശംഖുംമുഖം സ്വദേശി ദേവിദാസൻ എന്ന പ്രദീപ് കുമാറിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ മരണത്തിൽ അമ്മ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ പോലീസിനോട് ആവശ്യപ്പെട്ടു.

ശ്രീതുവിന്റെ അമ്മയ്ക്ക് മരണത്തിൽ പങ്കുണ്ടെന്നും തന്റെ വാക്കുകൾ കേൾക്കാറില്ലായിരുന്നുവെന്നുമാണ് കുഞ്ഞിന്റെ അച്ഛൻ ശ്രീജിത്ത് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇവരുടെ സ്വഭാവത്തിൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ശ്രീജിത് പറയുന്നു. കൊലപാതകം നടത്തിയത് ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ ആണെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും അതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

ശംഖുംമുഖം ദേവീദാസൻ എന്നയാളെ മതപരമായ ഗുരുവായി സ്വീകരിച്ച് ശ്രീതു ഇയാളെ കാണാൻ പോകാറുണ്ടായിരുന്നു. പണ്ട് ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായിരുന്ന പ്രദീപ് കുമാർ പിന്നീട് കുറച്ചുകാലം എസ്.പി. കുമാർ എന്ന പേരിൽ കാഥികനായിരുന്നു. പിന്നീട് മന്ത്രിവാദവും ജ്യോതിഷവും ഒക്കെയായിട്ടാണ് ദേവീ ദാസൻ എന്ന പേരിൽ മുന്നോട്ടുപോക്ക്. ഇയാൾക്ക് ശ്രീതുവുമായുള്ള അടുത്ത ബന്ധമാണ് കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നയിച്ചത്.

കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയത് ജോത്സ്യനാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുമായി 30 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് കുഞ്ഞിന്റെ അമ്മ ശ്രീതുവിന് ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇയാൾക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ശ്രീതു പലരിൽ നിന്നായി പല പേരിൽ പണം പിരിച്ചെടുത്തിരുന്നു. കുഞ്ഞിന് അപകടം സംഭവിച്ചുവെന്നും തനിക്ക് ക്യാൻസറാണെന്നും ഒക്കെ കള്ളക്കഥ പറഞ്ഞ് പലരിൽ നിന്നായി പണം പിരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്നത്. ശ്രീതുവിനെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിൻ്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് മൊഴി. ഇത് നടക്കാതെ വന്നപ്പോഴുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പറയുന്നത്. കുട്ടി തൻ്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ട് കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം.

ഹരികുമാറിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന. ഹരികുമാർ ആവശ്യപ്പെട്ട ചില കാര്യങ്ങൾ ശ്രീതു ചെയ്തുകൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിനു കാരണം. ഇവർ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.

കൊലപാതകത്തിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിന് തെളിവില്ല. എങ്കിലും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കും. കുട്ടി കിണറ്റിൽ വീണു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്ന് ഹരികുമാർ പൊലീസിനോട് സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *