ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ കണക്കാക്കുന്നതിൽ പ്രോറേറ്റ (ആനുപാതിക) രീതി നടപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ഇപിഎഫ്ഒ (Employees’ Provident Fund Organisation) യുടെ സർക്കുലർ. പ്രോ റേറ്റ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. ഇത് സുപ്രീംകോടതി കേസിൽ വിഷയമേ ആയിരുന്നില്ലെന്നത് മറച്ചുവെച്ചാണ് ന്യായീകരണം. സർവീസ് കാലയളവിനെ 2014-ന് മുൻപും ശേഷവുമെന്ന് തരംതിരിച്ച് പെൻഷൻ കണക്കാക്കുന്ന രീതിക്കെതിരേ വിമർശനമുയർന്നിരുന്നു.
എംപ്ലോയീസ് പെൻഷൻ സ്‌കീമിന്റെ (Employee Pension Scheme (EPS) 12ാം ഖണ്ഡികയിൽ പറയുന്ന പ്രോ റേറ്റ രീതി, വിഹിതത്തിന് കണക്കാക്കുന്ന ശമ്പളപരിധിയിൽ താഴെ വേതനം ലഭിക്കുന്നവരെയും അല്ലാത്തവരെയും ഒരേപോലെ പരിഗണിക്കുന്നതാണെന്ന് ഇപിഎഫ്ഒ പറയുന്നു.
സർവീസ് കാലാവധിയെ രണ്ടായി വിഭജിച്ചു പെൻഷൻ കണക്കാക്കുന്നതു മൂലം വൻ നഷ്ടം വരുമെന്നതിനാൽ പ്രോറേറ്റ വ്യവസ്ഥയ്‌ക്കെതിരെ വിവിധ കോടതികളിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സർക്കുലർ. 2022 നവംബർ നാലിനാണ് യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് വകമാറ്റിക്കൊണ്ട് ഉയർന്ന പെൻഷൻ നേടാൻ പി.എഫ് അംഗങ്ങൾക്ക് സുപ്രീംകോടതി അവസരമൊരുക്കിയത്. എന്നാൽ, പുതിയ പെൻഷൻ പദ്ധതി നിലവിൽവന്ന 2014 സെപ്റ്റംബർ ഒന്നിനുമുൻപും ശേഷവുമുള്ള സേവനകാലയളവിനെ വെവ്വേറെ പരിഗണിച്ചാണ് കണക്കുകൂട്ടൽ നടത്തേണ്ടതെന്നാണ് പി.എഫ്. ഓഫീസുകൾ സർക്കുലർ ഇറക്കിയത്.
വെയിറ്റേജിന്റെ കാര്യത്തിലാണ് മറ്റൊരു കുരുക്ക്. ഇരുപതുവർഷത്തിലേറെ സർവീസുള്ളവർക്ക് രണ്ടുവർഷ വെയിറ്റേജ് നൽകാറുണ്ട്. ഇത് 2014-നുമുൻപത്തെ കാലയളവിലാണ് നൽകുക. ഇതുവഴി വീണ്ടും പെൻഷൻ കുറയും. എന്നാൽ, ഇതുസംബന്ധിച്ച് കഴിഞ്ഞദിവസത്തെ വിശദീകരണക്കുറിപ്പിൽ പറയുന്നില്ല.