
കഞ്ചിക്കോട് മദ്യ നിർമ്മാണശാല: അനുമതി നല്‍കിയത് അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്ക്
തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് മദ്യനിര്‍മ്മാണ ശാലയ്ക്കുളള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാലിന്യം നിക്ഷേപിച്ച് ജല സ്രോതസുകള്‍ മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്ന കമ്പനിയെയാണ് എക്‌സൈസ് മന്ത്രി പുകഴ്ത്തുന്നത്: കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നല്‍കിയതിലൂടെ എന്ത് കിട്ടിയെന്ന് മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നും വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയില്‍ കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.
ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിര്‍മ്മാണ പ്ലാന്റ് ആരംഭിക്കാനുള്ള അനുമതി നല്‍കിയത്. കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്നും വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയത്? ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്. 26 വര്‍ഷമായി തുടരുന്ന നയത്തിന്റെ ഭാഗമായാണ് മദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കാതിരുന്നത്. ആ നയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത് – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കമ്പനിയെ പുകഴ്ത്തിയാണ് എക്‌സൈസ് മന്ത്രി ഇന്നലെ സംസാരിച്ചത്. എന്നാല്‍ ആ കമ്പനിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്. ഈ കമ്പനിയുടെ ഉടമയായ ഗൗതം മല്‍ഹോത്രയാണ് ഡല്‍ഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. ഈ കമ്പനിയെയാണ് എക്‌സൈസ് മന്ത്രി പുകഴ്ത്തിയത്. മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററില്‍ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബില്‍ ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ വിഷയം പാര്‍ലമെന്റില്‍ എത്തുകയും ഇതേത്തുടര്‍ന്ന് കേന്ദ്ര മലിനീകരണ ബോര്‍ഡും കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡും പ്രദേശത്ത് സന്ദര്‍ശനം നടത്തി ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്കെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബോര്‍വെല്ലിലൂടെ മാലിന്യം തള്ളിയാണ് ഇവര്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ഇതാണ് എക്‌സൈസ് മന്ത്രി പറഞ്ഞ കമ്പനിയുടെ മഹത്വം – വി.ഡീ. സതീശൻ പറഞ്ഞു.
എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതി. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിലൂടെ എന്താണ് അവരില്‍ നിന്നും വാങ്ങിയതെന്നു മാത്രമെ വെളിപ്പെടാനുള്ളൂ. അനുമതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കണം. പദ്ധതിയുമായി മുന്നോട്ട് നീങ്ങിയാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന പാലക്കാട് ഈ കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നല്‍കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.