രാഹുൽ മാങ്കൂട്ടത്തില്‍ വിദ്യാഭ്യാസ, യുവജന ക്ഷേമ കമ്മിറ്റിയിൽ. ഷാഫി പറമ്പിൽ അംഗമായിരുന്ന വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്റ്റ് കമ്മിറ്റിയിലും എൽദോസ് കുന്നപ്പിള്ളിൽ രാജിവച്ച യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയിലും ആണ് രാഹുൽ മാങ്കൂട്ടത്തെ നാമനിർദ്ദേശം ചെയ്തത്.
എൽദോസ് കുന്നപ്പിള്ളി ലോക്കൽ ഫണ്ട് സംബന്ധിച്ച ധനകാര്യ സമിതിയിലേക്ക് മാറിയതിനെ തുടർന്നാണ് യുവജനക്ഷേമ സമിതിയിൽ ഒഴിവ് വന്നത്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക സഭയിലേക്ക് ജയിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത്.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. ഇന്ന് മുതല്‍ മാര്‍ച്ച് 28 വരെയാണ് സമ്മേളനം. 27 ദിവസങ്ങളിലായാണ് സഭ ചേരുന്നത്.
എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും സഭയിലുണ്ടാകുമ്പോള്‍ രാജി വെച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇല്ലാത്ത ആദ്യത്തെ സമ്മേളനമാണിതെന്നതും ശ്രദ്ധേയമാണ്.