CrimeNews

ഗോപൻ സ്വാമി എങ്ങനെ മരിച്ചു? കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കല്ലറ പൊളിക്കാൻ പോലീസിന് അധികാരമുണ്ടന്ന് ഹൈക്കോടതി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും അതില്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറന്ന് പരിശോധിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കല്ലറ പൊളിക്കുന്നതിന് സ്റ്റേ വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ഗോപൻ സ്വാമിയുടെ കുടുംബത്തിന് മതസ്വാതന്ത്ര്യമുണ്ടെന്നും അവരുടെ സ്വന്തം രീതിപ്രകാരം അദ്ദേഹത്തിന്റെ ശരീരം അടക്കാനുള്ള അവകാശവുമുണ്ടെന്ന് വാദിച്ചു. ഗോപൻ സ്വാമിയുടെ ഭൗതിക ശരീരം പുറത്തെടുക്കുന്നത് പാപകരമാണെന്നും ഹൈന്ദവ ഭക്തരായ കുടുംബാംഗങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നത് ഭരണഘടനയുടെ 25, 26 വകുപ്പുകൾ ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളെ ലംഘിക്കുമെന്നും ഇവർ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചു.

അതേസമയം, ഗോപൻ സ്വാമിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്ന് ഹൈക്കോടതി തിരിച്ച് ചോദിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച കോടതി അത് ഹാജരാക്കിയാൽ കുടുംബത്തിന്റെ വാദം അംഗീകരിക്കാമെന്ന് വ്യക്തമാക്കി. മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടനെ രജിസ്റ്റർ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

സംശയാസ്പദമായ സാഹചര്യങ്ങളിൽ മരണം സംഭവിച്ചാൽ, കൊലപാതകത്തിന് ന്യായമായ സംശയമുണ്ടെങ്കിൽ പോലീസിന് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്ന് ബിഎൻഎസ്എസിന്റെ 194-ാം വകുപ്പ് അനുസരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി കേസ് അടുത്തയാഴ്ച്ചയിലേക്ക് മാറ്റിവെച്ചു.

ഗോപൻ സ്വാമിയുടെ കല്ലറ തുറക്കാനുള്ള പൊലീസ് ശ്രമത്തിൽ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും കല്ലറയ്ക്ക് മുന്നിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു. പൊലീസ് ബലംപ്രയോഗിച്ച് പിന്നീട് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാൻ പൊലീസ് എത്തിയത്. സബ് കളക്ടറുടെ സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കളക്ടർ അനുമതി നൽകിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സേനയെയും സ്ഥലത്തെത്തിച്ചിരുന്നു.

ഗോപൻ സ്വാമി നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തി കോൺക്രീറ്റ് കല്ലറയിൽ അടച്ചുവെന്നാണ് ഗോപൻ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപൻ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.

കുടുംബത്തെ അനുകൂലിക്കുന്ന ഏതാനും ഹൈന്ദവ സംഘടനകളും കല്ലറ പൊളിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവർ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *