
സസ്‌പെൻഷൻ കാലത്തെ മുഴുവൻ ശമ്പളം; നിർണായക വിധിയുമായി കേരള ഹൈക്കോടതി
അന്യായമായി സസ്‌പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന് ഈ കാലയളവിലെ മുഴുവൻ ശമ്പളവും നൽകാൻ ഹൈക്കോടതി വിധി. ആർബിട്രേഷൻ കോടതി വിധിക്കെതിരെ ആർപ്പൂക്കര സർവീസ് സഹകരണ ബാങ്ക് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി.
സസ്‌പെൻഷൻ കാലയളവിൽ ജീവനക്കാരൻ മറ്റ് ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത തൊഴിലുടമകൾക്കാണെന്നും കോടതി വ്യക്തമാക്കി. അത്തരം തെളിവുകളുടെ അഭാവത്തിൽ, നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാർക്ക് മുഴുവൻ നഷ്ടപരിഹാരത്തിനും അർഹതയുണ്ടെന്ന് കോടതി വിധിച്ചു.
ആർപ്പൂക്കര സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടിഎം ജോർജിനെ 1998 ഒക്ടോബർ കൃത്യവിലോപത്തിന്റെ പേരിൽ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഒമ്പത് കുറ്റങ്ങളിൽ ഏഴെണ്ണം അന്വേഷണത്തിലൂടെ തെളിയക്കപ്പെട്ടുവെന്ന് പറഞ്ഞ് ഇദ്ദേഹത്തെ പിന്നീട് പുറത്താക്കുകയും ചെയ്തു. എന്നാൽ പിന്നീട് ബാങ്ക് ഭരണസമിതി പിരിച്ചുവിടപ്പെടുകയും അഡ്മിനിസ്‌ട്രേറ്റർ ഭരണം വരികയും ചെയ്തപ്പോൾ 2003 ൽ ഇദ്ദേഹത്തെ തിരിച്ചെടുത്തു. പിന്നീട് വീണ്ടും ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ വീണ്ടും അച്ചടക്ക നടപടികൾ ആരംഭിച്ചു.
ഇതിനെതിരെ ജോർജ് കേരള സഹകരണ ആർബിട്രേഷൻ കോടതിയെ സമീപിക്കുകയും സസ്പെൻഷനും പിരിച്ചുവിടലും നിയമവിരുദ്ധമാണെന്ന് ആർബിട്രേഷൻ കോടതി 2017-ൽ വിധിക്കുകയുംചെയ്തു. സസ്‌പെൻഷൻ കാലയളവിനുള്ള മുഴുവൻ ശമ്പളവും നൽകാനും ഉത്തരവായി. ഇത് പിന്നീട് കേരള കോ-ഓപ്പറേറ്റീവ് ആർബിട്രേഷൻ ട്രിബ്യൂണലും ശരിവച്ചു. ഇതിനെതിരെയാണ് ബാങ്ക് ഭരണസമിതി കേരള ഹൈക്കോടതിയെ സമീപിച്ചത്.

ജോർജ് ഗുരുതരമായ കൃത്യവിലോപം കാണിച്ചുവെന്നും സസ്‌പെൻഷൻ കാലത്ത് മറ്റൊരു ജോലിയിൽ പ്രവേശിച്ചതിനാൽ മുഴുൻ ശമ്പളം നൽകാൻ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്റെ വാദം. സസ്‌പെൻഷൻ കാലയളവിൽ ജോലി ചെയ്തുവെന്ന് തെളിയിക്കേണ്ട ബാധ്യത ജോർജാണെന്നും ബാങ്ക് വാദിക്കുകയായിരുന്നു.
എന്നാൽ, തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്നും സസ്‌പെൻഷൻ കാലയളവിൽ മറ്റ് ജോലി ചെയ്തുവെന്ന് തെളിയിക്കാൻ ബാങ്ക് പരാജയപ്പെട്ടെന്നും ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ജോർജിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി, നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ഈ ലാഭകരമായി ജോലി ലഭിച്ചതായി തൊഴിലുടമ തെളിയിക്കുന്നില്ലെങ്കിൽ അവർക്ക് മുഴുവൻ തിരിച്ചടവ് വേതനം നൽകണമെന്ന് വിധിച്ചു.