CrimeNews

പത്തനംതിട്ടയിലെ കൂട്ടബലാത്സംഗം: 10 പേർ കൂടി കസ്റ്റഡിയിൽ; സഹപാഠികളും അയൽക്കാരും അച്ഛന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു

പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ് (Pathanamthitta Teen Athlete Rape Case). കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.

ഇന്നലെ ഇലവന്തിട്ട പോലീസ് സ്റ്റേഷനിലാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു കേസ് കൂട്ട ബലാത്സംഗത്തിനും രണ്ടാമത്തെ കേസ് വാഹനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതിനുമാണ്. ഇന്നലെ അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരിൽ നാലുപേർക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാൾക്കെതിരെ കാറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതിചേർക്കപ്പെട്ടിട്ടുള്ള പോക്സോ കേസാണ് പത്തനംതിട്ടയിലേത്. 18 വയസിൽ താഴെ പ്രായമുള്ളപ്പോൾ ദളിത് പെൺകുട്ടി മൂന്നരവർഷ കാലയളവിൽ പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസിനെ അത്യധികം പ്രധാനപ്പെട്ടതാക്കി മാറ്റുന്നത്.

13 വയസ്സുള്ളപ്പോള്‍ വിവാഹവാഗ്ദാനം നൽകി കാമുകനാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പെൺകുട്ടിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രതികൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം കാമുകന്റെ സുഹൃത്തുക്കൾ, സഹപാഠികൾ, കായിക പരിശീലകർ, കായിക താരങ്ങൾ, സമീപവാസികൾ, അച്ഛൻ്റെ സുഹൃത്തുക്കള്‍ എന്നിവരിൽ നിന്നാണ് പീഡനം നേരിടേണ്ടിവന്നതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആയവരെല്ലാം 19-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പെൺകുട്ടി ഇപ്പോൾ മഹിളാമന്ദിരത്തിലാണ് ഉള്ളത്.

പത്തനംതിട്ട ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിൽ കൂടി പുതുമായി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടും. പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെയെല്ലാം കസ്റ്റഡിയിലെടുക്കാനാവും എന്നാണ് പ്രതീക്ഷയെന്നും പോലീസിനെ ഉദ്ധരിച്ച് സി.ഡബ്ല്യു.സി. ചെയർമാൻ അഡ്വക്കേറ്റ് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രക്കാനം വലിയവട്ടം പുതുവൽതുണ്ടിയിൽ വീട്ടിൽ സുബിൻ (24), സന്ദീപ് ഭവനത്തിൽ എസ്. സന്ദീപ് (30), കുറ്റിയിൽ വീട്ടിൽ വി.കെ. വിനീത് (30), കൊച്ചുപറമ്പിൽ കെ. അനന്ദു (21), ചെമ്പില്ലാത്തറയിൽ വീട്ടിൽ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്നും ഡയറിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ പുലർച്ചെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് 10 യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചാദ്യംചെയ്ത് വരികയാണ്. പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയെക്കുറിച്ച് കസ്റ്റഡിയിലായ യുവാക്കളോട് ചോദിക്കുന്നുണ്ട്. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തുക. കസ്റ്റഡിയിലെടുത്ത യുവാക്കൾക്കെതിരെ വെറും ആരോപണം മാത്രമാണെങ്കിൽ ഇവരെ വിട്ടയക്കും. ഇത്രയധികം യുവാക്കൾ കസ്റ്റഡിയിലായതോടെ പ്രദേശത്ത് സംഘർഷ സാധ്യതയും പോലീസ് കരുതുന്നുണ്ട്. കൂടുതൽ പോലീസിനെ ഈ പോലീസ് സ്‌റ്റേഷൻ പരിസരങ്ങളിൽ വിന്യസിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി എല്ലാ പ്രതികളേയും തിരിച്ചറിയുകയും ആരൊക്കെ എവിടെയൊക്കെവെച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു എന്നതൊക്കെ സംബന്ധിച്ച് തെളിവുശേഖരണം പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കേസ് രജിസ്റ്റർ ചെയ്യുന്ന മുറയ്ക്കും അറസ്റ്റുകൾ നടക്കുന്ന മുറയ്ക്കും റിപ്പോർട്ടുകൾ അപ്പപ്പോൾ സി.ഡബ്ല്യു.സിക്ക് കൈമാറണം എന്നാണ് നിയമം. ഇപ്പോൾത്തന്നെ നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ തന്നെ പൂർണമായോ അല്ലെങ്കിൽ ബഹുഭൂരിപക്ഷം റിപ്പോർട്ടുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു.

ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസിൽ നൽകിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടർന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യു.സിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.

ഇപ്പോൾ 18 വയസ്സുള്ള വിദ്യാർഥിനിക്ക് 13 വയസ്സുമുതൽ പീഡനംനേരിട്ടെന്നാണ് മൊഴി. അഞ്ചുവർഷത്തിനിടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കാമുകനുൾപ്പെടെയുള്ള അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *