തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരത്ത് നടന്ന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. കലോത്സവ വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നത്. പഠിക്കാനും പഠനത്തിന്റെ ഭാഗമായുള്ള കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളോട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് റൊമാന്‍സ് തോന്നുക എന്നത് ഓര്‍ക്കാന്‍ തന്നെ വയ്യെന്ന് മാധ്യമപ്രവര്‍ത്തക നിലീന അത്തോളി പ്രതികരിച്ചു.
പ്രമോദ് രാമന്‍, കെ.ജെ. ജേക്കബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വിമര്‍ശനത്തെ ശരിവെച്ചു. പോക്‌സോ എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചാനല്‍ ചെയ്തിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ അശോക് കര്‍ത്ത പറഞ്ഞു.