
കൊച്ചിയിലെ കലാഭവൻ റോഡിലെ ‘മോക്ഷ’ എന്ന സ്പായുടെ മറവിൽ നടന്ന അനാശാസ്യ കേന്ദ്രം നടത്തിയ 12 പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ എട്ട് പേർ സ്ത്രീകളാണ്. പൊലീസിന്റെ രഹസ്യാന്വേഷണത്തിനെ തുടർന്നുള്ള റെയ്ഡിലാണ് ഇവർ പിടിയിലായത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ഈ സംഘം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്ഥാപനത്തിന്റെ ഉടമയായ എരുമേലി സ്വദേശി പ്രവീണിനെതിരെ കേസെടുത്തിട്ടുണ്ട്.
പൊലീസിന്റെ അന്വേഷണത്തിൽ, പ്രവീൺ രാജ്യത്തെ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണിയാണെന്നും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാളാണെന്നും വ്യക്തമായി. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ സംഘം അനാശാസ്യ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി സൂചനകളുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് മലയാളി യുവതികളെ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ കൊണ്ടുവന്ന് ഇവർക്ക് കൈമാറിയതായും പരാതിയുണ്ട്.
കൊച്ചിയിലെ ആയുർവേദ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന ഈ അനാശാസ്യ കേന്ദ്രത്തിനെതിരെ പൊലീസിന്റെ മൂന്ന് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. ഈ വർഷം ഒന്നരക്കോടിയിലേറെ രൂപയാണ് ഇടപാടുകളിലൂടെ പ്രവീണിന്റെ അക്കൗണ്ടിലെത്തിയത്.
അതേസമയം, കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും പിടിയിലായി. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശൻ, പാലാരിവട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഡ്രീംലാൻഡ് റസിഡൻസിയെന്ന ലോഡ്ജിൽ നിന്ന് ഉടമനസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസ് പിടിയിലായ കേസിലെ തുടരന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്.