‘മാടമ്പിത്തരത്തിന്റെ മാസ്റ്റർ പീസ്’; വിജയരാഘവനെതിരെ ദീപിക ദിനപത്രം

A Vijayaraghavan and Deepika Editorial

തിരുവനന്തപുരം വഞ്ചിയൂരിൽ കോടതിക്ക് മുന്നിൽ റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ചും പൊതുജനങ്ങളെ അപഹസിച്ചും സംസാരിച്ച സിപിഎം നേതാവ് എ. വിജയരാഘവനെതിരെ പ്രതിഷേധം കടുക്കുന്നു. ദീപിക ദിനപത്രം രൂക്ഷമായ ഭാഷയിലുള്ള എഡിറ്റോറിയൽ എഴുതിയാണ് സിപിഎമ്മിന്റെയും പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവന്റെയും മാടമ്പിത്തരത്തെയും വിമർശിച്ചിരിക്കുന്നത്.

പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയിൽ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ലെന്ന് ‘സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞു’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു. പോളിറ്റ് ബ്യൂറോ അംഗത്തിന്റേത് മാരക ന്യായീകരണമായിരുന്നു. പാവങ്ങളുടെ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാർട്ടിയിൽ കാറില്ലാത്ത എത്ര നേതാക്കളുണ്ടെന്നും ദീപിക ചോദിക്കുന്നു.

രാഷ്ട്രീയക്കാരന്റെ മേലങ്കി അഹങ്കാരത്തിനു കാരണമായാൽ അതു സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ല. പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയിൽ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല. പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണന്നും, നിയമസഭ മേശപ്പുറത്ത് നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയമനസ് ഇനിയും ഇരുണ്ട യുഗത്തിന്റെ തമസിൽ തപ്പിത്തടയുകയാണെന്നു പറയേണ്ടിവരുമെന്നും ദീപിക മുഖപത്രത്തിൽ പറയുന്നു.

കാറുള്ളവർ കാറിൽ പോകുന്നതുപോലെ പാവങ്ങൾക്കു ജാഥ നടത്താനും അനുവാദം വേണമെന്നു പറഞ്ഞ വിജയരാഘവൻ, അറിഞ്ഞോ അറിയാതെയോ തൊലിയുരിഞ്ഞുപോകുന്ന സെൽഫ് ഗോൾ തന്നെയാണ് പാർട്ടിയുടെ ഗോൾ പോസ്റ്റിൽ അടിച്ചുകയറ്റിയിരിക്കുന്നത്. പാവങ്ങളുടെ പാർട്ടിയെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാർട്ടിയിൽ കാറില്ലാത്ത എത്ര നേതാക്കളുണ്ട്. കുന്നംകുളത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ സഖാവ് വിജയരാഘവൻ നടന്നാണോ വന്നതെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തിയത്. കാറിൽ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തിൽ വിജയരാഘവൻ ചോദിച്ചത്. റോഡിൽ പൊതുയോഗം വച്ചതിന് സുപ്രീം കോടതിയിൽ പോവുകയാണ്. വല്യ പബ്ലിസിറ്റി കിട്ടും. അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാമില്ലേ. എല്ലാവരും കൂടി കാറിൽ പോകാതെ നടന്നു പോകാമല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. വഞ്ചിയൂർ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഎം വേദിയൊരുക്കിയത്. ഇതേ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ പരിപാടിക്കെതിരെ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments