വയനാട് മാനന്തവാടി കുടൽകടവിൽ വിനോദ സഞ്ചാരികളുടെ അതിക്രമം. പരസ്പരം കൈയാങ്കളിയിലേർപ്പെട്ട ആളുകളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആദിവാസി യുവാവിനെ കാറിടിച്ചിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഇയാളെ ഇവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികളാണ് അതിക്രമം കാണിച്ചത്. ഇവിടെ രണ്ട് സംഘങ്ങൾ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു.
മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ എൽ 52 എച്ച് 8733 എന്ന സെലേറിയോ കാറിലാണ് യുവാക്കൾ എത്തിയത്. നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നു.
ഈ വിഷയത്തിൽ നാട്ടുകാർ ഇടപ്പെട്ടു. ഇതിനിടെ കല്ല ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമം ഉണ്ടായി. ഇതിൽ ഇടപെട്ട മാതനെയാണ് യുവാക്കൾ ആക്രമിച്ചത്. കാറിലെത്തിയ സംഘം മാതനെ 500 മീറ്ററോളം വലിച്ചിഴച്ചു. ഗുരുതരമായി പരുക്കേറ്റ മാതനെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു.