
കരുതലും കൈത്താങ്ങും 16ന് തൃശൂർ ജില്ലയില്‍; മുകുന്ദപുരത്ത് രാവിലെ 10 മുതല്‍
സംസ്ഥാനത്ത് ജനങ്ങളുടെ പരാതി പരിഹാരത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ തൃശൂർ ജില്ലയില്‍ ഡിസംബര്‍ 16 ന് മുകുന്ദപുരം താലൂക്കില്‍ ആരംഭിക്കും. റവന്യു മന്ത്രി കെ. രാജന്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും ചെയ്യും.
മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. ചാലക്കുടി എം.പി. ബെന്നി ബെഹനാന്‍, പുതുക്കാട് എം.എല്‍.എ. കെ. കെ. രാമചന്ദ്രന്‍, കൊടുങ്ങല്ലൂര്‍ എം.എല്‍.എ. വി. ആര്‍. സുനില്‍കുമാര്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുക്കും.
പരാതിക്കാര്‍ക്കുള്ള മറുപടി അദാലത്ത് ദിവസം നേരിട്ട് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
വിപുലമായ സജ്ജീകരണങ്ങള്‍
അദാലത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുള്ളത്. അന്വേഷണ കൗണ്ടര്‍, നേരത്തെ പരാതി നല്‍കിയവര്‍ക്ക് മറുപടി ലഭ്യമാക്കുന്നതിനായിട്ടുള്ള കൗണ്ടര്‍, പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി വിവിധ കൗണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടണ്ട്. പുതുതായി ലഭിക്കുന്ന പരാതികള്‍ അന്നേദിവസം തന്നെ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി ജില്ലാ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ പരാതിക്കാര്‍ക്ക് വീല്‍ചെയറുകളും പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പരാതിക്കാരായ പൊതുജനങ്ങള്‍ക്ക് ഇരിപ്പിടങ്ങളും, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ തല്‍സമയം തീര്‍പ്പാക്കുകയുമാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് കൊണ്ടുള്ള ലക്ഷ്യം.
കരുതലും കൈത്താങ്ങും തൃശൂർ ജില്ലയിലെ ദിവസങ്ങള്‍ :
ഡിസം. 17 തൃശൂര്‍ (തൃശൂര്‍ ടൗണ്‍ ഹാള്‍), തലപ്പിള്ളി ഡിസം.
21 (സെന്റ് സേവിയേഴ്സ് ഫോറോണ ചര്‍ച്ച് ഹാള്‍), കൊടുങ്ങല്ലൂര്‍ ഡിസം.
23 (ടൗണ്‍ ഹാള്‍, കൊടുങ്ങല്ലൂര്‍), ചാവക്കാട് ഡിസം.
24 (ഗുരുവായൂര്‍ ടൗണ്‍ ഹാള്‍-പ്രിയദര്‍ശിനി ഓഡിറ്റോറിയം, കിഴക്കേനട), കുന്നംകുളം ഡിസം.
27 (ബദനി സ്‌കൂള്‍ ഹാള്‍, കുന്നംകുളം), ചാലക്കുടി ഡിസം.
30 (കാര്‍മ്മല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, ചാലക്കുടി എന്നീ വേദികളിലായിരിക്കും താലൂക്ക്തല അദാലത്തുകള്‍ നടത്തുക. രാവിലെ 10 മണിയ്ക്കായിരിക്കും എല്ലാ കേന്ദ്രങ്ങളിലും അദാലത്ത് ആരംഭിക്കുക.
അറിയേണ്ടവ
മുകുന്ദപുരം താലൂക്കിൽ ഉദ്ഘാടനം: അദാലത്ത് ഡിസംബർ 16ന് മുകുന്ദപുരത്ത് വച്ച് രാവിലെ 10 മണിക്ക് ആരംഭിക്കും.
മന്ത്രിമാരുടെ പങ്കാളിത്തം: റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.
പരാതി പരിഹാരം: പൊതുജനങ്ങൾക്ക് നേരിട്ട് മന്ത്രിമാരെ കണ്ട് തങ്ങളുടെ പരാതികൾ അറിയിക്കാനും പരിഹാരം തേടാനുമുള്ള അവസരമാണിത്.
വിവിധ താലൂക്കുകളിൽ: തൃശൂർ, തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്, കുന്നംകുളം, ചാലക്കുടി തുടങ്ങിയ താലൂക്കുകളിൽ വിവിധ തീയതികളിൽ അദാലത്ത് നടക്കും.