16 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ട്യൂഷന്‍ അധ്യാപികയും കാമുകനും പിടിയില്‍

കാണ്‍പൂര്‍: ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ കാണാതായ 16 വയസുകാരനെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ റായ്പൂര്‍വയില്‍ താമസിക്കുന്ന വ്യവസായിയായ മനീഷ് കനോഡിയയുടെ മകന്‍ കുശാഗ്ര കനോഡിയയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുശാഗ്രയെ കാണാതായത്.

സംഭവത്തില്‍ ട്യൂഷന്‍ അധ്യാപിക രചിതയേയും കാമുകന്‍ പ്രഭാത് ശുക്ലയെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അധ്യാപികയുടെ കാമുകനാണ് മരിച്ചയാളെ കൊലപ്പെടുത്തിയതെന്നും തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കുശാഗ്രയുടെ കുടുംബത്തിന് മോചനദ്രവ്യം അയച്ചതാണെന്നും പൊലീസ് പറഞ്ഞു.

മോചനദ്രവ്യ കത്തില്‍ അള്ളാഹു അക്ബര്‍ എന്ന് എഴുതിയിരുന്നുവെന്നും ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം ഇങ്ങനെ: കുശാഗ്ര തന്റെ ട്യൂഷന്‍ ക്ലാസിനായി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടില്‍ നിന്ന് പോയിരുന്നു. കുശാഗ്ര വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കിലും രാത്രി 9 മണിയോടെ കുടുംബത്തിന് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കത്ത് ലഭിച്ചു.

കുശാഗ്ര കനോഡിയ

കഴിഞ്ഞ മൂന്ന് ദിവസമായി പ്രഭാതും സുഹൃത്ത് ശിവയും കുശാഗ്രയെ പിന്തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച കുശാഗ്ര ട്യൂഷനു പോയപ്പോള്‍ ആചാര്യ നഗറിലെ വീടിനടുത്തുളള സരിബ് ചൗക്കിയില്‍ വച്ച് ടീച്ചറുടെ കാമുകനായ പ്രഭാതിനെ കണ്ടുമുട്ടി.

ആ സമയം കുശാഗ്രയെ ക്ലാസുകളിലേക്ക് വിടാന്‍ പ്രഭാത് വാഗ്ദാനം ചെയ്തു. കുശാഗ്രയ്ക്ക് അധ്യാപികയായ രചിതയിലൂടെ പ്രഭാതിനെ അറിയുന്നതിനാല്‍ അദ്ദേഹത്തിന്റെ കൂടെ വണ്ടിയില്‍ കയറി.

പിന്നീട് പ്രഭാത് അവനെ വീട്ടില്‍ കൊണ്ടുപോയ ശേഷം ഉറക്കഗുളിക കലര്‍ത്തിയ കാപ്പി കൊടുത്തു. തുടര്‍ന്ന് കുശാഗ്രയ്ക്ക് ബോധം നഷ്ടപ്പെട്ടപ്പോള്‍ അന്ന് രാത്രി ഏഴ് മണിയോടെ പ്രഭാത് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കുശാഗ്രയെ കൊല്ലുകയായിരുന്നു.

രാത്രി എട്ട് മണിയോടെ ശിവയും രചിതയും പ്രഭാതിന്റെ വീട്ടിലെത്തുകയും ഫസല്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അവര്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ചൊവ്വാഴ്ച രാവിലെയാണ് 17ക്കാരന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പ്രഭാതും കുശാഗ്രയും ഒരുമിച്ച് വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments