സൗദി അറേബ്യയിലെ ജയിലിൽ പതിനെട്ട് വർഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ഇന്ന് പ്രതീക്ഷിച്ചിരുന്ന മോചന ഉത്തരവ് ലഭിച്ചില്ല. റിയാദിലെ കോടതിയിൽ നടന്ന കേസ് പരിഗണനയിൽ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ കണക്കിലെടുത്ത് വിധി പറയാൻ കേസ് മാറ്റി. പുതിയ വിധി തീയതി ഉടൻ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.
ജൂലൈയിൽ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് അബ്ദുൽ റഹീമിന്റെ മോചനം നീളുന്നത്. ജയിൽ മോചന ഉത്തരവ് ലഭിച്ചാലും അത് മേൽക്കോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ കഴിയുക.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ മലയാളികൾ ചേർന്ന് 15 മില്യൺ റിയാൽ ദയാധനം സ്വരൂപിച്ചിരുന്നു. ഈ തുക മരിച്ച ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.