എസ്എസ്എല്‍സി സർട്ടിഫിക്കറ്റില്‍ പേര് മാറ്റാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ സർക്കാർ. ഒരാള്‍ തന്റെ പേര് മാറ്റം സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയാല് ഇതിന്റെ അടിസ്ഥാനത്തില്‍ SSLC സർട്ടിഫിക്കറ്റ് പോലുള്ള പൊതുപരീക്ഷ സർട്ടിഫിക്കറ്റില്‍ പേര് തിരുത്തി നല്കാൻ പരീക്ഷ കമ്മീഷണർക്ക് അധികാരം നല്കി കേരള എജുക്കേഷൻ റൂള്‍സ് (KER) ചട്ടം ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച വിജ്ഞാപനം 2024 ഡിസംബർ അഞ്ചിന് പുറത്തിറങ്ങി.
1959 ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ ആറാം അദ്ധ്യായത്തിലെ റൂൾ 3-ലെ സബ്-റൂൾ (4) പ്രകാരം, ഒരു പൊതു പരീക്ഷാ സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം ഏതെങ്കിലും പേരുമാറ്റം അനുവദിക്കപ്പെട്ടാൽ, ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ പേരിലെ മാറ്റം ഗസറ്റിലും പ്രസിദ്ധീകരണത്തിലും അറിയിക്കേണ്ടതാണ്. അറിയിപ്പ് അവരുടെ സർട്ടിഫിക്കറ്റിനൊപ്പം അറ്റാച്ച് ചെയ്തു നല്‍കുകയാണ് പതിവ്. എന്നാല്‍ സർട്ടിഫിക്കറ്റില്‍ പേര് മാറ്റി നല്‍കുന്നത് പരിഗണിച്ചിരുന്നില്ല.
ഇതുകാരണം പേറ്റ് മാറ്റം നടത്തിയവർക്ക് ഉദ്യോഗാർത്ഥികൾക്കും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജോലിക്കും ഉപരിപഠനത്തിനും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഒരു വ്യക്തിയുടെ വിദ്യാഭ്യാസ രേഖകളിൽ പേര് മാറ്റുന്നതിനും/പകരുന്നതിനും അനുവദിക്കുന്നതിന് ഉചിതമായ നടപടിക്രമം കൊണ്ടുവരാൻ ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായതിന് പിന്നാലെയാണ് ഇക്കാര്യം സർക്കാർ പരിഗണിച്ചത്.
സർക്കാർ വിഷയം വിശദമായി പരിഗണിക്കുകയും 2022 ജൂൺ 30-ന് G.O(Ms)No.114/2022/GEDN പുറപ്പെടുവിക്കുകയും ചെയ്തു, അതിന്റെ അടിസ്ഥാനത്തിൽ പൊതു പരീക്ഷാ സർട്ടിഫിക്കറ്റിൽ പേര് തിരുത്തൽ/പകരം വരുത്തുന്നതിന് സർക്കാർ പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയിരിക്കുകയാണ്.