
വൈദ്യുതി നിരക്ക് വർധന: കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങും
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങും. കെപിസിസി നിർദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം.
ഇന്ന് വൈകുന്നേരം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു. നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്.
വർധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് സർക്കാർ നടത്തിയ അഴിമതിയുടെ ഭാരമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയും. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോർഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വർധനവിലൂടെ സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾക്കു മേൽ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാർജ് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തിരമായി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോർഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവർഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ആറര മുതൽ പന്ത്രണ്ട് രൂപ വരെ നൽകേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോർഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേൽ സർക്കാരിന്റെ ഇരുട്ടടി. 2016-ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ വൈദ്യുതി ബോർഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോൾ 45000 കോടിയായി.
പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസൻസായാണ് ഈ സർക്കാർ ഭരണത്തുടർച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.