സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ മറവിൽ സൗബിൻ ഷാഹിറിന്റെ നിർമ്മാണ കമ്പനിയും പങ്കാളികളും ചേർന്ന് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ… സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലൂടെ ഇവർക്ക് ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നതാണ് പ്രധാനമായുള്ള കണ്ടെത്തല്‍. ഈ അന്വേഷണം കള്ളപ്പണ ഇടപാടിലേക്കും നയിച്ചുവെന്നാണ് ആദായ നികുതി വകുപ്പില്‍ നിന്ന് അറിയുന്നത്. ഇന്നലെ ആരംഭിച്ച പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളപ്പണക്കേന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറയുന്നു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.
കേരളത്തിൽ സൂപ്പർ ഹിറ്റായ ചിത്രം തമിഴ്‌നാട്ടിലും നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്നും കോടികളുടെ വരുമാനം നേടുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ തമിഴ്‌നാട്ടിൽ പലയിടത്തും ഒഴിഞ്ഞ തിയേറ്ററുകളിലാണ് കുറേക്കാലം ചിത്രം പ്രദർശിപ്പിച്ചതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനും കളക്ഷൻ ഉയർത്തിക്കാട്ടി സാമ്പത്തിക തിരിമറി നടത്താനുമാണെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര നിര്‍മ്മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണമാണ് നടന്‍ സൗബിന്‍ ഷാഹിർ നേരിടുന്നത്. ഇന്നലെ സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ തുടങ്ങിയ റെയ്ഡ് ഇന്നും തുടരുകയാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണത്തിന്റെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, നിര്‍മാതാവ് ഷോണ്‍ ആന്റണി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.