ക്ഷേമപെൻഷൻ തട്ടിപ്പ്: കടുത്ത നടപടിയുമായി ധനവകുപ്പ്

KN Balagopal

സർക്കാർ ജീവനക്കാർക്ക് അർഹതയില്ലാതിരുന്നിട്ടും സാധുക്കളുടെ ക്ഷേമപെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ കടുത്ത നടപടിയുമായി ധനവകുപ്പ്. മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടു.

പെൻഷൻ വാങ്ങുന്നവരിൽ ആഡംബർ കാർ ഉടമകൾ പോലുമുണ്ടെന്നാണ് കണ്ടെത്തൽ. മിക്കയാളുകളുടെയും വീട് 2000 സ്‌ക്വയർ ഫീറ്റിനും മുകളിലാണ്. മലപ്പുറം കോട്ടക്കൽ ഏഴാം വാർഡിലെ ഗുണഭോക്താക്കളിൽ 42 പേരിൽ 38 പേരും അനർഹരാണെന്നാണ് കണ്ടെത്തൽ. ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി ആരംഭിച്ചിരിക്കുകയാണ്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാനാണ്‌ നിർദേശം നൽകിയത്‌.

ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആൻ്റ് ആൻ്റികറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം.

ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു. BMW കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു.

മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments