മുംബൈ: മഹാ വിജയം സ്വന്തമാക്കിയെങ്കിലും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാരാകുമെന്നതില്‍ ഇന്നും സസ്പെന്‍സ് തന്നെയാണ്. ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നതാണോ അതോ ബിജെപിയുടെ ചാണക്യ തന്ത്രമാണോ ഇതെന്നും വ്യക്തമല്ല. ഒന്നുകില്‍ ഷിന്‍ഡെ തന്നെ മുഖ്യമന്ത്രി പദവി തുടരുകയോ അതല്ലെങ്കില്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുകയോ ചെയ്യും. നാളെ ഇക്കാര്യങ്ങള്‍ക്ക് ഒരു സ്ഥിരീകരണം വരുമെന്നാണ് കണകാക്കപ്പെടുന്നത്. മഹായുതി സഖ്യത്തിലെ മൂന്ന് പ്രമുഖ നേതാക്കള്‍ നാളെ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായെ കാണാനായി തീരുമാനമെടുത്തിരിക്കുകയാണ്.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, എന്‍സിപിയുടെ അജിത് പവാര്‍, ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ എന്നിവരാണവര്‍. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ബി.ജെ.പി.യും ശിവസേനയും നടത്തിയ യോഗങ്ങളുടെ പരമ്പരയില്‍, തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മഹായുതി സഖ്യത്തിലെ ഓരോ അംഗവും എത്ര സീറ്റ് നേടിയാലും ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരുമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ വിജയത്തിന് ശേഷം അത്തരിലൊരു നീക്കവും കണ്ടിരുന്നില്ല.
288 അസംബ്ലി സീറ്റുകളില്‍ 235 സീറ്റുകള്‍ പിടിച്ചെടുത്ത് മഹായുതി സഖ്യം ചരിത്ര നേട്ടം കൈവരിച്ച തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ബിജെപി മത്സരിച്ചു, ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകള്‍ നേടി. മഹാരാഷ്ട്രയുടെയും എന്‍സിപിയുടെയും എല്ലാമെല്ലാമായ ശരത് പവാറിന്റെ എന്‍സിപി തോറ്റപ്പോള്‍ അജിത് പവാറിന്റെ എന്‍സിപി വിജയത്തിലെത്തിയിരുന്നു. എന്തായാലും, മഹാരാഷ്ട്ര ആര് ഭരിക്കുമെന്നത് നാളെയറിയാം.