കൊച്ചി ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി നൗഷാദാണ് പിടിയിലായത്. ജിംനേഷ്യത്തിലെ നടത്തിപ്പുകാരനും ട്രെയിനറുമൊക്കെയാണ് നൗഷാദ്. ഇയാളോടൊപ്പം മലപ്പുറം സ്വദേശിയായ വിനോദ് എന്നായാളാണ് സഹായിയായി ഉണ്ടായിരുന്നത്.
ജിംനേഷ്യത്തിലും ഫ്ളാറ്റിലുമായാണ് നൗഷാദ് ലഹരി മരുന്നുകൾ സൂക്ഷിച്ചിരുന്നത്. 34 ഗ്രാം എംഡിഎംഎയും 25 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. ജിംനേഷ്യത്തിൽ വരുന്ന ആളുകൾക്ക് ഉൾപ്പെടെ ഇതിൽ പങ്കുണ്ടോ എന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. സിനിമാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വന്നിരുന്ന ജിംനേഷ്യമാണ് ഇടപ്പള്ളിയിലേത്.
മണവാട്ടി, മൈസൂർ മാംഗോ, ശീലാവതി എന്നീ രഹസ്യ കോഡുകളാണ് ഇടപ്പളളിയിലെ ജിമ്മിൽ നൗഷാദിനെ തേടിയെത്തിയിരുന്നത്. ജിമ്മിൽ പരിശീലനത്തിന് എത്തുന്നവരും സിനിമാ പ്രവർത്തകരും വരെ നൗഷാദിനെ ലഹരി വസ്തുക്കൾക്കായി സമീപിച്ചതായാണ് സൂചന.
ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്താണ് നൗഷാദിന്റെ ജിംനേഷ്യം. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തി. നൗഷാദിന്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പൊലീസ് തെരച്ചിൽ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്.
ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ജെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ത് വി.എം, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.