പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പെൺകുട്ടി നേരിട്ടത് ക്രൂര മർദ്ദനമെന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. പോലീസും ഇതിന്റെ തുടർ നടപടികളെക്കുറിച്ച് നിയമോപദേശം തേടും.
മകളെ ഭീഷണിപ്പെടുത്തിയാണ് ആദ്യമുണ്ടായിരുന്ന കേസ് അനുനയിപ്പിച്ചത്. വീഡിയോ സന്ദേശത്തിൽ അന്ന് മകളെക്കൊണ്ട് അവൻ എഴുതി നൽകി വായിപ്പിക്കുകയായിരുന്നു. ആ ഒത്തുതീർപ്പിന് ശേഷം മോഹന വാഗ്ദാനങ്ങൾ നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നും. അവിടെ എത്തിയതിന് ശേഷം ആ വീട്ടുകാർ തനി സ്വരൂപം കാണിച്ചുവെന്നും പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
മകൾ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. ഇനിയും ഇത് തുടരാനാകില്ല. കൊലപാതക ശ്രമമാണ് രാഹുൽ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകും. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിൻവലിക്കേണ്ടിവന്നത്. മകളും ഇപ്പോൾ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
തിങ്കാളാഴ്ച രാത്രിയാണ് കണ്ണിലും മുഖത്തും പരുക്കേറ്റ നിലയിൽ ഭർതൃവീട്ടിൽനിന്ന് നീമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വീട്ടിലുണ്ടാക്കിയ മീൻകറിക്ക് രുചിയില്ലെന്ന് പറഞ്ഞായിരുന്നു ക്രൂര മർദനം. ആശുപത്രിയിലേക്കുള്ള വരുന്നതിനിടെ ആംബുലൻസിൽ വച്ചും മർദ്ദിച്ചെന്നും യുവതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലിസിനെ അറിയിച്ചെങ്കിലും പരാതി ഇല്ലെന്നും നാട്ടിലേക്ക് മടങ്ങി പോകണമെന്നുമായിരുന്നു നീമയുടെ ആവശ്യം.
യുവതിയുടെ മാതാപിതാക്കളെ പൊലിസ് വിവരമറിയിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ഇവർ ആശുപത്രിയിൽ എത്തി. രാവിലെ ഒമ്പതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ യുവതിയുമായി കുടുംബം പന്തീരങ്കാവ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച രാത്രിതന്നെ രാഹുലിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തിയ ശേഷം ഗാർഹിക പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരേ കേസെടുത്തത്. യുവതി വീട്ടുകാരോടൊപ്പം എറണാകുളത്തേക്ക് പോയി.
ഇക്കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് മെയ് 12 ന് എറണാകുളത്തെ യുവതിയുടെ വീട്ടിൽ നിന്നും ബന്ധുക്കൾ എത്തിയപ്പോഴാണ് രാഹുൽ മർദിച്ച വിവരം പുറത്തറിയുന്നത്. പിന്നാലെ യുവതിയുടെ കുടുംബം രാഹുലിനെതിരേ പരാതി നൽകി. കേസെടുത്തതോടെ രാഹുൽ താൻ ജോലിചെയ്യുന്ന ജർമനിയിലേക്ക് കടന്നു. ഇതിനിടെയാണ് ഭർത്താവ് തന്നെ മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്താൽ കേസ് നൽകിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്.
തുടർന്ന് രാഹുൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും ഒരുമിച്ചു ജീവിക്കാൻ ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ കഴിഞ്ഞ ഒക്ടോബറിലാണ് കേസ് കോടതി റദ്ദാക്കിയത്. പിന്നീട് ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചിരുന്നു. ആദ്യ സംഭവത്തിൽ, പൊലിസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് പന്തീരാങ്കാവ് പൊലിസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.