
പങ്കാളിത്ത പെൻഷൻ: സർക്കാർ വിഹിതം ഉയർത്താതെ കേരളം
പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതം ഉയർത്താതെ കേരളം. കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും 14 ശതമാനമായി സർക്കാർ വിഹിതം ഉയർത്തിയിരുന്നുവെങ്കിലും കേരളം അതിനോട് മുഖം തിരിച്ചു. കേരളത്തിൽ ഇപ്പോഴും സർക്കാർ വിഹിതം 10 ശതമാനം മാത്രം.
പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് 2016 ലെ എൽ.ഡി.എഫ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. ഭരണത്തിൽ എത്തിയതിന് ശേഷം ഇതിനെ കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഒരു കോടിക്ക് മുകളിൽ സമിതിയുടെ പ്രവർത്തനത്തിന് ചെലവായി. രണ്ട് വർഷത്തെ പഠനം കഴിഞ്ഞ് സമിതി റിപ്പോർട്ടും നൽകി.
3 വർഷമായി ആ റിപ്പോർട്ടിൻ മേൽ അടയിരുന്നു. വിവരവകാശ നിയമ പ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും സർക്കാർ റിപ്പോർട്ട് കൊടുത്തില്ല. നിയമസഭയിലും റിപ്പോർട്ട് നൽകിയില്ല. അതീവ രഹസ്യ സ്വഭാവം ആയിരുന്നു ഇക്കാര്യത്തിൽ സർക്കാർ പുലർത്തിയത്. സി.പി.ഐ സർവീസ് സംഘടനയായ ജോയിൻ്റ് കൗൺസിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് നടത്തിയ നിയമ പോരാട്ടം അവസാനം ഫലം കണ്ടതോടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്.
റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ സർക്കാർ വീണ്ടും സമിതിയെ വച്ചു. ഇതുവരെ ആ സമിതി ഒരു യോഗം പോലും ചേർന്നില്ല എന്ന വിവരമാണ് പുറത്ത് വരുന്നത്. സർക്കാർ സർവീസിലെ 40 ശതമാനം പേരും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവരാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ ഡിസംബർ മാസം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
പണിമുടക്കിലേക്ക് പോകാനാണ് ഇവരുടെ നീക്കം. പങ്കാളിത്ത പെൻഷൻ്റെ പേരിലും സർക്കാർ കടം എടുത്തു എന്ന വിവരം മലയാളം മീഡിയ ലൈവ് ഇന്നലെ പുറത്ത് വിട്ടിരുന്നു. 5721 കോടിയാണ് സർക്കാർ പങ്കാളിത്ത പെൻഷൻ്റെ പേരിൽ 2022- 23 സാമ്പത്തിക വർഷം മുതൽ 2024- 25 സാമ്പത്തിക വർഷം വരെ കടം എടുത്തത്.
ഒരു സാമ്പത്തിക വർഷം അടയ്ക്കുന്ന ജീവനക്കാരുടെ വിഹിതവും സർക്കാർ വിഹിതവും അടുത്ത സാമ്പത്തിക വർഷം കടം എടുക്കാം എന്ന കേന്ദ്ര നയത്തിൻ്റെ മറവിലാണ് ഈ കടമെടുപ്പ്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ല എന്ന് വ്യക്തമാക്കുകയാണ് ഈ കണക്കുകൾ എന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്.