പൊരുതിവീണ് കിവീസ്; ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ നാലാം ജയം

ധരംശാല: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ആവേശ ജയം. ഓസീസ് ഉയര്‍ത്തിയ 389 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് കിടിലന്‍ മത്സരമാണ് കാഴ്ചവെച്ചത്. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിക്കരുത്തില്‍ പൊരുതിയ കിവീസിന്റെ പോരാട്ടം പക്ഷേ 383 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും അഞ്ചാം പന്തില്‍ താരം റണ്ണൗട്ടായതോടെ അവരുടെ പ്രതീക്ഷകള്‍ അവസാനിച്ചു. തുടര്‍ച്ചയായ നാലാം ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. 89 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം 116 റണ്‍സെടുത്ത രവീന്ദ്രയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഓസീസിന്റെ നെഞ്ചിടിപ്പേറ്റിയ നീഷാം 39 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 58 റണ്‍സെടുത്തു. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റുമായി തിളങ്ങി. ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതമെടുത്തു.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് കിവീസ് നന്നായി തന്നെ തുടങ്ങി. ഓപ്പണിങ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേര്‍ന്ന് 61 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത കോണ്‍വെയാണ് ആദ്യം പുറത്തായത്. പിന്നാലെ 37 പന്തില്‍ നിന്ന് 32 റണ്‍സുമായി യങ്ങും മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്നതോടെ കിവീസ് ഇന്നിങ്‌സ് കുതിച്ചു. ഇരുവരും ചേര്‍ന്ന് 96 റണ്‍സ് ചേര്‍ത്തതോടെ കിവീസ് ഇന്നിങ്‌സ് ട്രാക്കിലായി. 51 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 54 റണ്‍സുമായി മിച്ചല്‍ മടങ്ങിയെങ്കിലും രവീന്ദ്ര തകര്‍ത്തടിച്ചു.

നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടോം ലാഥത്തെ കൂട്ടുപിടിച്ച് രവീന്ദ്ര സ്‌കോര്‍ 200 കടത്തി. 22 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ലാഥത്തെ സാംപ മടക്കി. 12 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും മടങ്ങിയതോടെ കിവീസ് പ്രതിരോധത്തിലായി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ജെയിംസ് നീഷാം മികച്ച ഷോട്ടുകളോടെ സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടെ 41-ാം ഓവറില്‍ രവീന്ദ്രയെ മടക്കി പാറ്റ് കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ മിച്ചല്‍ സാന്റ്‌നര്‍ (17), മാറ്റ് ഹെന്റി (9), ബോള്‍ട്ട് (10*) എന്നിവരെ കൂട്ടുപിടിച്ച് നീഷാം പൊരുതിയെങ്കിലും കിവീസിനെ വിജയത്തിലെത്തിക്കാനായില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസീസ് 49.2 ഓവറില്‍ 388-ന് ഓള്‍ഔട്ടായി. ഓപ്പണിങ് സഖ്യം നല്‍കിയ മിന്നുന്ന തുടക്കം അതേപടി തുടരാന്‍ മധ്യ ഓവറുകളില്‍ സാധിക്കാതിരുന്നതാണ് 400-ന് അപ്പുറം പോകേണ്ടിയിരുന്ന ഓസീസ് സ്‌കോര്‍ 388-ല്‍ ഒതുക്കിയത്. തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണര്‍ – ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം ഓസീസിന് സമ്മാനിച്ചത്. ടി20 സ്റ്റൈലില്‍ ബാറ്റ് വീശിയ ഇരുവരും 115 പന്തില്‍ 175 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറ്റൊരു സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാര്‍ണറെ മടക്കി ഗ്ലെന്‍ ഫിലിപ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 65 പന്തില്‍ നിന്ന് ആറ് സിക്സിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 81 റണ്‍സെടുത്താണ് വാര്‍ണര്‍ പുറത്തായത്.

പരിക്ക് കാരണം ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കാതിരുന്ന ട്രാവിസ് ഹെഡ്, പരിക്കേറ്റിട്ടും തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവെയ്ക്കുന്ന തരത്തിലാണ് ബാറ്റ് വീശിയത്. പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ സെഞ്ചുറി നേടിയ ഹെഡ് 67 പന്തില്‍ നിന്ന് ഏഴ് സിക്സും 10 ഫോറുമടക്കം 109 റണ്‍സെടുത്തു. പിന്നാലെ ഗ്ലെന്‍ ഫിലിപ്സ് തന്നെ ഹെഡിനെയും പുറത്താക്കി. തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്തിനും (18), മാര്‍നസ് ലബുഷെയ്നും (18) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 51 പന്തുകള്‍ നേരിട്ട മിച്ചല്‍ മാര്‍ഷിന് 36 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഓസീസ് റണ്‍റേറ്റ് താഴ്ന്നു. എന്നാല്‍ 24 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 41 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്‍, 28 പന്തില്‍ നിന്ന് 38 റണ്‍സെടുതത് ജോഷ് ഇംഗ്ലിസ് എന്നിവരുടെ ഇന്നിങ്സുകള്‍ ഓസീസ് സ്‌കോര്‍ 300 കടത്തി. പിന്നാലെ വെറും 14 പന്തില്‍ നാല് സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 37 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ടാണ് സ്‌കോര്‍ 388-ല്‍ എത്തിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments