കൊച്ചി : ബേസില്‍ ജോസഫ് – നസ്രിയ കോംബോ ആദ്യമായി ഒന്നിച്ച ചിത്രമാണ് സൂക്ഷ്മദർശിനി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം മികച്ച തിയറ്റർ കളക്ഷനും കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നവംബര്‍ 22 നു റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം തന്നെ 1.55 കോടിയാണ് കളക്ഷനായി ലഭിച്ചത്.
എന്നാൽ രണ്ടാം ദിനം ചിത്രത്തിന്റെ കളക്ഷൻ ഒറ്റയടിക്ക് വർധിച്ചു. 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി കഴിഞ്ഞ ദിവസം നേടിയത്. അയല്‍വാസികളായ മാനുവല്‍, പ്രിയദര്‍ശിനി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ ബേസിലും നസ്രിയയും എത്തുന്നത്. മാനുവലിന്‍റെയും പ്രിയദര്‍ശിനിയുടെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, ചിത്രത്തിന്റെ ട്രെയ്ലർ മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്. കൂടാതെ ചിത്രത്തിലെ ‘ദുരൂഹ മന്ദഹാമേ…’ എന്ന പ്രൊമോ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ഹെസ്സ മെഹക്ക്, മനോഹരി ജോയ്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, നൗഷാദ് അലി, ജെയിംസ്, അപർണ റാം, അഭിറാം രാധാകൃഷ്‌ണൻ, സരസ്വതി മേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹാപ്പി അവേർസ് എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെയും, എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, എവി അനൂപ്, ഷൈജു ഖാലിദ് എന്നിവർ ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എംസി ജിതിന്‍റെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.