HealthNews

ചൂടോടെയാണോ ചായ കുടിക്കുന്നത് ? കാൻസർ പിന്നാലെ വരുന്നുണ്ട്

ചൂടു പോയാല്‍ പിന്നെ ചായ കുടിക്കാന്‍ കൊള്ളില്ലെന്ന് പരാതി പറയുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഈ തീ ചൂട് കാന്‍സറിന് കാരണമായാലോ ? ചൂടു കൂടുതലുള്ള പാനീയങ്ങള്‍ അല്ലെങ്കിൽ ഭക്ഷണങ്ങൾ അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ​ഗവേഷകർ. ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണത്തിലാണ് ഓസോഫോഗല്‍ സ്‌ക്വമാസ് സെല്‍ കാര്‍സിനോമ എന്ന കാന്‍സറിന് ചൂടു ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തിയത്.

ചൂടു ചായ നാവിനെ പൊള്ളിക്കാറുള്ള പോലെ തന്നെ അന്നനാളത്തെയും പൊള്ളിക്കാറുണ്ട്. അന്നനാളത്തിൽ ആവര്‍ത്തിച്ച് ചൂടേൽക്കുന്നത് കാന്‍സറിലേക്ക് നയിക്കാം. നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ ഈ ചൂടു അമിതമായാല്‍ അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. ചൂടുങ്ങള്‍ പാനീയങ്ങള്‍ കുടിക്കുന്നത് തുടരുന്നത് ഈ പോറല്‍ ഉണങ്ങാതിരിക്കാനും വീക്കമുണ്ടാകാനും കാരണമാകും. കോശങ്ങള്‍ നശിക്കുന്നതിലൂടെ ഒടുവില്‍ കാന്‍സറായി പരിണമിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം 65 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത പത്തു മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ‘വേവുവോളം കാത്താല്‍ ആറുവോളം കാത്തൂടെ…’ എന്ന പഴഞ്ചൊല്ല് വെറുതെ അല്ല. ചൂടുള്ള ഭക്ഷണം അല്ലെങ്കില്‍ പാനീയങ്ങള്‍ കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ മിനിറ്റ് ആറുന്നത് വരെ കാത്തിരുന്ന ശേഷം കഴിക്കുന്നത് അന്നനാള കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *