ഗൗതം അദാനിക്കെതിരെ തട്ടിപ്പിനും വഞ്ചനക്കും കേസെടുത്ത് ന്യൂയോർക്ക് കോടതി

ഗൗതം അദാനി (Gautam Adani)

വാഷിങ്ടൺ: സൗരോർജ്ജ കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്ന് ആരോപിച്ച് ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി.

അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്.

രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നതാണ് കുറ്റം. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിന് അദാനിയും സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പ്രതികളും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ സമ്മതിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. അദാനിയെക്കുറിച്ച് ‘ന്യൂമെറോ യുനോ’, ‘ദി ബിഗ് മാൻ’ എന്നീ കോഡ് പേരുകൾ ഉപയോഗിച്ചായിരുന്നു സംശയാസ്പദമായ ഇടപാടുകൾ. സാഗർ അദാനിയുടെ ഫോണിൽ നിന്നായിരുന്നു കൈക്കൂലി നീക്കങ്ങൾ നടത്തിയതെന്നും അന്വേഷണ സംഘം പറയുന്നു.

അദാനിയും അദാനി ഗ്രീൻ എനർജിയിലെ മറ്റൊരു എക്സിക്യൂട്ടീവായ വിനീത് ജെയ്നും ചേർന്ന് 3 ബില്യൺ ഡോളറിലധികം ലോണുകളും ബോണ്ടുകളും ആ കമ്പനിക്ക് വേണ്ടി പണമിടപാടുകാരിൽ നിന്നും നിക്ഷേപകരിൽ നിന്നും മറച്ചുവെച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

യുഎസ് കൈക്കൂലി വിരുദ്ധ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ ലംഘനമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 62 കാരനായ ഗൗതം അദാനിയുടെ ആസ്തി 69.8 ബില്യൺ ഡോളറാണ്, റിലയൻസ് ഇൻഡസ്ട്രീസ് ചെയർ മുകേഷ് അംബാനിക്ക് പിന്നിൽ ലോകത്തിലെ ഏറ്റവും വലിയ 22-ാമത്തെ ധനികനും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments