ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി ഡി സതീശന് കണ്ടകശനിയാണെന്ന കെ സുരേന്ദ്രന്റെ പരിഹാസത്തിന് നേരെയാണ് മറുപടിയുമായി വി ഡി സതീശൻ എത്തിയിരിക്കുന്നത്. കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ. അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന് പറയുന്നു.
“ബിജെപി സംസ്ഥാന അധ്യക്ഷന്റേയും മുഖ്യമന്ത്രിയുടേയും ശബ്ദം ഒരുപോലെയാണ്. സാദിഖലി തങ്ങള്‍ക്കെതിരായ ഇരുവരുടേയും വിമര്‍ശനങ്ങള്‍ അതിന് തെളിവാണ്. കേരളത്തിലെ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബാര്‍ട്ടര്‍ സിസ്റ്റമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നത്” – വി ഡി സതീശൻ പറയുന്നു.
“പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ ? ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് താന്‍ ധൈര്യത്തോടെ പറയാന്‍ തയാറാണ്. ഇത് സര്‍ക്കാരിന് പറയാമോ എന്ന് താന്‍ പരസ്യമായി വെല്ലുവിളിക്കുന്നു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിയും സപ്ലൈകോയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്” – വി ഡി സതീശന് പറയുന്നു.
“പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലേറെ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. സിപിഐഎമ്മിന്റേയും ബിജെപിയുടേയും ഭൂരിപക്ഷ വര്‍ഗീയത പാലക്കാട്ടുകാര്‍ തള്ളിക്കളയുമെന്ന് വിശ്വാസമുണ്ട്. കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശത്തിന്റെ കൊടുമുടിയിലാണ്. സരിന് സ്ഥാനാര്‍ത്ഥിയായതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള എല്‍ഡിഎഫിന്റെ സാധ്യതകള്‍ അസ്തമിച്ചു. പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്” – വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.