സുരേന്ദ്രന്റെ കളികൾ സന്ദീപ് പൊളിക്കും

അച്ചടക്കനടപടി ഉപതിരഞ്ഞെടുപ്പിനു ശേഷമാകാമെന്ന ബിജെപി നേതൃത്വത്തിന്റെ പദ്ധതി അപ്പാടെ അട്ടിമറിച്ചാണ് പാലക്കാട് വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശം. വരുംദിവസങ്ങളിൽ പാർട്ടിക്കും നേതാക്കൾക്കുമെതിരെ സന്ദീപ് എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക.

പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് യുഎപിഎ ചുമത്തിയിട്ടും ജാമ്യം കിട്ടിയത് എങ്ങനെയെന്ന് ആർഎസ്എസ് പ്രവർത്തകർ അന്വേഷിക്കണമെന്ന സന്ദീപിന്റെ പരാമർശം ബിജെപി നേതൃത്വത്തെ ഉന്നമിട്ടാണെന്നതു വ്യക്തം. കെ.സുരേന്ദ്രന്റെയും കൂട്ടാളികളുടെയും സമീപനം മൂലമാണ് പാർട്ടി വിടേണ്ടിവന്നതെന്ന തുറന്നുപറച്ചിൽ കൂടുതൽ ആരോപണങ്ങളിലേക്കു വഴിതുറക്കുന്നതിന്റെ സൂചന നൽകുന്നുണ്ട്. ഇ.ഡി കേസുകളിലെ മെല്ലെപ്പോക്ക് ഉൾപ്പെടെ ആരോപണമുയർന്നപ്പോൾ മുഖ്യമന്ത്രിയുമായി ബിജെപിക്കു രഹസ്യബന്ധമുണ്ടോയെന്ന പ്രവർത്തകരുടെ സംശയം കൂടി സന്ദീപ് വിളിച്ചുപറഞ്ഞു.

ഇതു പാലക്കാട് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ സന്ദീപിന്റെ വരവ് കോൺഗ്രസിന് ഉപകരിക്കും. പാർട്ടിയിൽ സമവായ നീക്കമില്ലെന്ന സന്ദേശം കിട്ടിയപ്പോൾത്തന്നെ സന്ദീപ് കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ തുടങ്ങിയിരുന്നു. ബിജെപി നടപടിയെടുത്ത ശേഷം സന്ദീപിനെ സ്വീകരിക്കുന്നതുകൊണ്ടു നേട്ടമില്ലെന്നു വിലയിരുത്തിയ കോൺഗ്രസ് നേതൃത്വം സമയോചിതമായി കരുനീക്കം നടത്തി.

സന്ദീപിനൊപ്പം നേതാക്കളോ പ്രവർത്തകരോ പാർട്ടി വിടുമെന്ന് ബിജെപി നേതൃത്വം കരുതുന്നില്ല. എന്നാൽ, സന്ദീപ് വിട്ടുപോയതിന്റെ ഉത്തരവാദിത്തത്തിൽനിന്നു നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നു കരുതുന്ന നേതാക്കൾ പാർട്ടിയിലുണ്ട്. ഉപതിര‍ഞ്ഞെടുപ്പിനു തൊട്ടുമുൻപ് സന്ദീപ് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നുവെന്ന് അവർ വിലയിരുത്തുന്നു. പ്രചാരണവേദിയിൽ ഇരിപ്പിടം നൽകാതിരുന്നത് ശരിയായില്ലെന്നു കരുതുന്നവരുമുണ്ട്.

തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിന്റെ ചുമതലയിൽനിന്നു സി.രഘുനാഥിനെ മാറ്റണമെന്ന സന്ദീപിന്റെ ആവശ്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. പ്രശ്നമുണ്ടായശേഷവും സമവായനീക്കം ബിജെപി നേതൃത്വം നടത്തിയില്ല. ആർഎസ്എസ് നിർദേശം നൽകിയതുമില്ല. വിവാദങ്ങൾക്കിടെ, ആർഎസ്എസ് വിശേഷാൽ സമ്പർക്ക പ്രമുഖ് എ.ജയകുമാർ സന്ദീപിനെ സന്ദർശിച്ചെങ്കിലും വ്യക്തിപരമാണെന്നായിരുന്നു വിശദീകരണം.

കെ.സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ ബിജെപിയിലെ ചില യുവനേതാക്കൾ ഒരുമിച്ചൊരു നീക്കത്തിനു ശ്രമം നടത്തിയിരുന്നു. അതിനു നേതൃത്വം കൊടുത്തയാളാണ് പുറത്തേക്കു പോയത്. അതേസമയം, നേരത്തേ സന്ദീപ് വാരിയരെ സ്വാഗതം ചെയ്തിരുന്ന സിപിഎം നേതാക്കൾ ഇന്നലെ നിലപാടു മാറ്റി. മതവിദ്വേഷപ്രചാരകനായ സന്ദീപിനെ കേ‍ാൺഗ്രസിൽ എടുത്തതേ‍ാടെ യുഡിഎഫ് തകരുമെന്നു മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. സന്ദീപ് കോൺഗ്രസിൽ ചേർന്നതുകൊണ്ടു തങ്ങൾക്കൊരു കുഴപ്പവുമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments