ഡി കോക്ക് ‘ഷോ’യിൽ തകർന്നടിഞ്ഞ് ബം​ഗ്ലാദേശ്

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ പടുക്കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നില്‍ പിടിച്ചു നിൽക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 383 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 46.4 ഓവറില്‍ 233 റണ്‍സില്‍ അവസാനിച്ചു. മഹ്‌മദുള്ളയുടെ (111) ഒറ്റയാള്‍ പോരാട്ടമാണ് ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നാലാം വിജയത്തോടെ എട്ട് പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. തന്റെ 150-ാം ഏകദിനം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ഫുൾ ഫോമിലായിരുന്നു. 174 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്. ഓപ്പണറായി ഇറങ്ങിയ താരം ടീം സ്‌കോര്‍ 300 കടത്തിയാണ് മടങ്ങിയത്. 46-ാം ഓവറിലെ ആദ്യ പന്തില്‍ ഹസന്‍ മഹ്‌മുദ് നസും അഹ്‌മദിന്റെ കൈകളിലെത്തിച്ചാണ് ഡി കോക്കിനെ കൂടാരം കയറ്റിയത്. ഏഴ് സിക്‌സും 15 ബൗണ്ടറിയുമടങ്ങുന്നതാണ് താരത്തിന്റെ സമ്പാദ്യം.

ക്വിന്റണ്‍ ഡി കോക്കിന്റെ 150-ാം ഏകദിന മത്സരമാണിത്. ഒരു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ക്വിന്റണ്‍ ഡി കോക്ക്. 2012 ട്വന്റി ട്വന്റി ക്രിക്കറ്റില്‍ അരങ്ങേറിയ ഡി കോക്ക് തൊട്ടടുത്ത വര്‍ഷം ഏകദിന ക്രിക്കറ്റ് കളിച്ചു.
ഏകദിന ക്രിക്കറ്റില്‍ 6000ത്തിലധികം റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 178 ആണ്. 30 വയസ് മാത്രമുള്ള താരം ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments