നമ്മള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമല്ല അത് കഴിക്കുന്ന സമയമുൾപ്പെടെയുള്ള ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് അത്യാവശ്യമാണ്. പ്രത്യേകിച്ച് രാത്രി കഴിക്കുന്ന ഭക്ഷണ ക്രമം. നേരത്തെ ഭക്ഷണം കഴിക്കുന്നത് മികച്ച ദഹനത്തിനും, ഉറക്കാതെ ബാധിക്കുന്ന ആസിഡ് റിഫ്‌ലക്‌സ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിയാതിരിക്കാനും പോഷകങ്ങള്‍ ശരിയായി വിനിയോഗിക്കാനും ഇത് ശരീരത്തെ പ്രാപ്തമാക്കും.
അതുകൊണ്ടുതന്നെ വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെയുള്ള സമയമാണ് ഏറ്റവും മികച്ച അത്താഴ സമയം. ഉറങ്ങുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു തീര്‍ത്തിരിക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരീരത്തിന്റെ സര്‍ക്കേഡിയന്‍ റിഥം കാത്തു സൂക്ഷിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും, ഈ നേരം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നത് വഴി സാധിക്കും.
അത്താഴം നേരത്തെ കഴിക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.ഓരോ ആളുകളുടെയും ജീവിതശൈലി, സാംസ്‌കാരിക ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അത്താഴ സമയം വ്യത്യാസപ്പെടാം.
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ദഹനത്തിന് മതിയായ സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ നാലു മണിക്കൂര്‍ കിട്ടിയില്ലെങ്കിലും, രണ്ടു മൂന്നു മണിക്കൂര്‍ എങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കുക. അവസാനത്തെ ഭക്ഷണം രാത്രി 9 മണിക്ക് മുമ്പ് കഴിക്കുന്നതാണ് നല്ലത്.
ശരിയായ ഉറക്കം കിട്ടാനും ഭാര നിയന്ത്രണത്തിനും ദഹനത്തിനുമെല്ലാം അത്താഴം ശരിയായ രീതിയില്‍ കഴിക്കേണ്ടത് പ്രധാനമാണ്.ലീന്‍ പ്രോട്ടീനുകള്‍, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പുതിയ പച്ചക്കറികള്‍ എന്നിവ സമീകൃതമായി ചേര്‍ത്ത് വേണം അത്താഴം കഴിക്കാന്‍.