
സീ പ്ലെയിൻ തുടക്കത്തിൽ തന്നെ ആശങ്കയുമായി വനംവകുപ്പ്; പരിഹാരം കണ്ട് മുന്നോട്ട് പോകാമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ നടന്നത് ഇന്നായിരുന്നു. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആശങ്ക അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വനം വകുപ്പ്.
മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പിന് ആശങ്ക . ഡാം ആനത്താരയുടെ ഭാഗമാണ്. അതിനാൽ വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്. നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.
വനം വകുപ്പ് ആശങ്കയറിയിച്ചതിന് പിന്നാലെ റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധതി നടപ്പാക്കുക.
ഇന്ന് ട്രയൽ റണ്ണിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിൽ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിൻ ഓടിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡാമിന് മുകളിൽ സീ പ്ലെയിൻ ഓടിക്കുന്നതിൽ പ്രശ്നമുണ്ടാകില്ല. പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയുള്ളുവെന്ന് മന്ത്രി റിയാസ് പറഞ്ഞു.