KeralaNewsPolitics

എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം നേതാവ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം നേതാവ്. കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി എന്തെന്നറിയണമെന്ന് ആവർത്തിക്കുകയാണ് സിപിഎം. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനത്തിൽ പി.പി. ദിവ്യയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെയാണ് ഇത്തരമൊരു പരാമർശം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉന്നി‌യിച്ചത്.

ചില പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടം പറയുന്നു. കൈക്കൂലി വാങ്ങുന്ന ആളല്ല എഡിഎം എന്ന് മറ്റൊരു കൂട്ടവും. ഇതിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം വല്ല രീതിയിലും ഇദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോയെന്നും അറിയേണ്ടതുണ്ട്.

ആത്മഹത്യക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വസ്തുതകളൊന്നും ജനങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആയിരുന്നു എം.വി. ജയരാജന്റെ വാക്കുകൾ. എഡിഎമ്മിന്റെ കുടുംബത്തെയോ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന ദിവ്യയെയോ തളളുകയോ കൊളളുകയോ ചെയ്യേണ്ട വിഷയമല്ല ഇത്.

ഒരു മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ എഡിഎമ്മിന്റെ കുടുംബത്തോടുളള എല്ലാ ഐക്യദാർഢ്യവും അവരുടെ വ്യസനത്തിൽ പങ്കുചേർന്ന് പാർട്ടി നടത്തിയിട്ടുണ്ട്. സംഘടനാധിഷ്ടിതമായ നടപടിയാണ് പാർട്ടി ദിവ്യയ്‌ക്കെതിരെ കൈക്കൊണ്ടത്. അത് ഞാൻ അംഗീകരിക്കുന്നുവെന്ന് ദിവ്യ പറഞ്ഞാൽ പിന്നെ എങ്ങനെയാണ് കറിവേപ്പില പോലെ തളളിക്കളയുന്നതെന്ന് എംവി ജയരാജൻ ചോദിച്ചു.

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ ഘടകവും പാർട്ടി സംസ്ഥാന നേതൃത്വവും ആവർത്തിക്കുന്നതിനിടെയാണ് നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി പരസ്യമായി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *