കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ഇതുപുറമെ മാനസികാരോഗ്യം നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാനിയാണ്.
വിറ്റാമിൻ ഡിയുടെ കുറവ്, കുട്ടികളിൽ അകാല വാർദ്ധക്യവും ദുർബല പ്രതിരോധശേഷിയും ഉളവാക്കുന്നു. ഇതിനുപുറമെ വിറ്റാമിൻ ഡിയുടെ കുറവ് ഗണ്യമായതും ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ്. പ്രത്യേകിച്ച് കുട്ടികളിൽ ഇത് കൂടുതലായിരിക്കുമെന്ന് മക്ഗിൽ യൂണിവേഴ്സിറ്റിയുടെ ഗവേഷണ പഠനത്തിൽ പറയുന്നു.
തുടക്കത്തിൽ തന്നെ കുട്ടികൾക്ക് വിറ്റാമിൻ ഡി സപ്ലിമെന്റ് നൽകുന്നത് ഭാവിയിൽ ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത അഞ്ചിരട്ടിയായി കുറയ്ക്കുമെന്നു പഠനത്തിൽ പറയുന്നു. രാജ്യത്ത് 70 മുതൽ 80 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ കുറവ് മൂലം പേശികളുടെ ശക്തി കുറയുന്നതായി മാക്സ് ഹെൽത്ത്കെയർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
വ്രണങ്ങൾ, പേശികളുടെ ബലഹീനത, അസ്ഥി വേദന തുടങ്ങിയവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണം, പേശി വേദന അല്ലെങ്കിൽ മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം.
വിറ്റാമിൻ ഡി കുറവുള്ള കുട്ടികൾക്ക് ബലഹീനതയോ അല്ലെങ്കിൽ പേശികളിൽ വേദനയോ അനുഭവപ്പെടാം. മറ്റൊന്ന്, വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളിൽ റിക്കറ്റിന് കാരണമാകുകയും, എല്ലുകൾ ദുർബലമാവുന്നതിനും ഇടയാക്കും. വിറ്റാമിൻ ഡി കുറയുകയാണെങ്കിൽ കുട്ടികളിൽ ഭാരക്കുറവാൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . കൂടാതെ ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും.
എങ്ങനെ ഇതിനെ പ്രതിരോധിക്കാം ?
കുട്ടികൾക്ക് വിറ്റാമിൻ ഡി ലഭിക്കുന്നതിന് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് നേരിട്ട് സൂര്യപ്രകാശം കൊള്ളുക. ചില കുട്ടികൾ വീടിനുള്ളിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കുന്നു. അത് കൊണ്ട് തന്നെ സൂര്യപ്രകാശം ഏൽക്കാതെ പോകുന്നു . ഇത് ഉണ്ടാവാതെയിരിക്കുന്നതിനായി രാവിലെ ടെറസ്സിന്റെ മുകളിൽ സൂര്യ നമസ്ക്കാരം ചെയ്യുന്നത് അതി ഉത്തമമാണ്. വിറ്റാമിന് ഡിയുമായി ശരീരത്തിന് വ്യായാമവും ആയി.
ഇതല്ലാതെ, ഭക്ഷണത്തിൽ സാൽമൺ മത്സ്യം, പാൽ, തൈര്, മത്തി, ചീസ്, ട്യൂണ, കൂൺ, മുട്ട, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതും വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും. ശിശുക്കളും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും പ്രതിദിനം 400 IU വിറ്റാമിൻ ഡി ശരീരത്തിലെത്തേണ്ടതുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വ്യക്തമാക്കുന്നു.