16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സമൂഹമാധ്യമം നിരോധിക്കുന്നതിന് സർക്കാർ നിയമനിർമ്മാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ്. ഓസ്‌ട്രേലിയൻ സർക്കാർ നടത്തുന്ന ഈ നയം ലോകത്തിനു മാത്രകയാക്കുമെന്നു അദ്ദേഹം വാർത്താസമ്മേളനനത്തിൽ പറഞ്ഞു.
അടുത്ത വർഷം അവസാനത്തോടെ നിയമ നിർമ്മാണം പ്രാബല്യത്തിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിന് വേണ്ടിയുള്ള പ്രായപരിധി സ്ഥിരീകരണ സംവിധാനം പരീക്ഷിക്കുന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ദോഷം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി അൽബനീസ് പറഞ്ഞു. അമിതമായ സമൂഹമാധ്യമ ഉപഗയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടികാണിച്ചു.
പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിനും, ആൺകുട്ടികളെ ലക്ഷ്യമിട്ടുള്ള സ്ത്രീവിരുദ്ധ ഉള്ളടക്കവുമെല്ലാം തടയുന്നതിനും ഇത് ഉപകാരപ്രദമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമനിർമ്മാണം ഈ വർഷം പാർലമെൻ്റിൽ അവതരിപ്പിക്കും. ഇത് അംഗീകരിച്ചു ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷമായ ലിബറൽ പാർട്ടി നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മത പ്രകാരമായുള്ളതോ അല്ലെങ്കിൽ ഇതിനകം അക്കൗണ്ടുള്ള കുട്ടികൾക്ക്കും ഇളവുകളൊന്നും ഉണ്ടാകുന്നതല്ല. കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നത് തെളിയിക്കാനുള്ള ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകേൾക്കായിരിക്കും. ഇതിൽ രക്ഷിതാവിനോ, കുട്ടിക്കൾക്കോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ലെന്ന് അൽബാനീസ് പറഞ്ഞു.
നേരത്തെ നിരവധി രാജ്യങ്ങൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയയുടെ നയം ഏറ്റവും കർശനമായ ഒന്നാണ്.
കഴിഞ്ഞ വർഷം ഫ്രാൻസ് 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെഎടുത്തിയെങ്കിലും കുട്ടികളുടെ രക്ഷാകർത്താവിന്റെ സമ്മതത്തോടെ നിരോധനം ഒഴിവാക്കാൻ സാധിച്ചു.
1998-ൽ അമേരിക്ക പാസാക്കിയ ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്, 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ വെബ്‌സൈറ്റുകളെയും മറ്റ് ഓൺലൈൻ സേവനങ്ങളെയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ, 13 വയസിന് താഴെയുള്ള കുട്ടികളെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടാണ് പല കമ്പനികളും ഈ നിയമത്തോട് പ്രതികരിച്ചത്. എന്നാൽ ഇത് ഓൺലൈനിൽ വലിയ തോതിൽ തെറ്റായ പ്രായം കാണിച്ചുകൊണ്ടുള്ള തട്ടിപ്പുകൾക്ക് കാരണമായിട്ടുണ്ട്.
2000ത്തില്‍ പാസാക്കിയ ചിൽഡ്രൻസ് ഇൻറർനെറ്റ് പ്രൊട്ടക്ഷൻ ആക്ട് സ്കൂളുകളിലും ലൈബ്രറികളിലും വിദ്യാർത്ഥികൾ ഇൻറർനെറ്റ് ആക്സസ് ചെയ്യാൻ അനുവദിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോൺ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തുകയായിരുന്നു ഉദ്ദേശം.
അതേസമയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കുട്ടികൾ രഹസ്യമായി സോഷ്യമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിലേക്ക് നയിച്ചേക്കാം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഡിജിറ്റൽ ലോകത്തെ പങ്കാളിത്തത്തിൽ നിന്ന് ഇവരെ വിലക്കുന്നത് നിലവാരം കുറഞ്ഞ ഓൺലൈൻ ഇടങ്ങളിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വിപിഎൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നിരോധനം മറികടക്കാൻ കഴിയുമെന്നതും പരിമിതിയാണ്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു ഓൺലൈൻ സ്‌പെയ്‌സിൽ ഏതുതരം നിരോധനം പൂർണ്ണാർത്ഥത്തിൽ പ്രാവർത്തികമാകണമെങ്കിൽ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളും അതു നടപ്പാക്കണമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.